Last Modified വെള്ളി, 20 ജനുവരി 2017 (16:10 IST)
ഒരു നല്ല സിനിമയ്ക്കായി എത്രവർഷം വേണമെങ്കിലും കത്തിരിക്കാമെന്ന് ഞാൻ എപ്പോഴും ജോസഫിനോട് പറയാറുണ്ട്. കാണുന്ന സിനിമകളുടെ എണ്ണം കുറയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവായിരുന്നു ആ പറച്ചിലെങ്കിലും അതുകൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. ചപ്പുചവർ സിനിമകൾ കാണുന്നത് പൂർണമായും ഇല്ലാതായി. 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' ആദ്യദിനം തന്നെ കാണണമെന്ന് നിർബന്ധമായിരുന്നു. കാരണം 'വെള്ളിമൂങ്ങ' എന്നെ അത്രയ്ക്ക് ചിരിപ്പിച്ചിട്ടുണ്ട്. മോഹൻലാലും മീനയും വീണ്ടും സ്ക്രീനിൽ നിറയുന്നത് മറ്റൊരു ആകർഷണം. ജിബു ജേക്കബ് ഈ സിനിമയിലും വലിയ ചിരി ഒളിപ്പിച്ചുവച്ചിട്ടുണ്ടാവും എന്നുറപ്പായിരുന്നു. മുന്തിരിവള്ളികൾ ഇപോഴെൻറെ ഹൃദയത്തിലാണ് തളിർക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ ഏറ്റവും മികച്ച സിനിമയാണ്
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നാണ് എൻറെ അഭിപ്രായം.
ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയാണ് ഈ സിനിമയിൽ മോഹൻലാൽ. എല്ലാവരും വിളിക്കുന്നത് ഉന്നച്ചൻ എന്നാണ്. ഉന്നച്ചൻറെ ഭാര്യ ആനിയമ്മയായി മീന എത്തുന്നു. ഇവർക്ക് രണ്ടുമക്കൾ. ഉന്നച്ചൻറെയും ആനിയമ്മയുടെയും ദാമ്പത്യത്തിന് ഇപ്പോൾ ആ പഴയ സൗന്ദര്യമില്ല. രണ്ടുപേരും അവരവരുടെ ലോകത്താണ്.
ഉന്നച്ചൻ തൻറെ സൗഹൃദങ്ങളുമായി ബിസിയാകുമ്പോൾ ആനിയമ്മ സീരിയലുകളിൽ അഭയം കണ്ടെത്തുന്നു.
ഉന്നച്ചൻറെ അടുത്ത സുഹൃത്തുക്കളിൽ അൽപ്പം അപകടകാരിയായ ഒരു അയൽക്കാരനുമുണ്ട് - വേണുക്കുട്ടൻ. അനൂപ് മേനോനാണ് ആ കഥാപാത്രമാകുന്നത്. വേണുക്കുട്ടൻ വിവാഹിതനാണെങ്കിലും വിവാഹത്തിനുപുറത്തും അയാൾക്ക് ചില സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുണ്ട്. ഇത് ഉലഹന്നാനെയും സ്വാധീനിക്കുകയാണ്. ജൂലിയെന്ന പെൺകുട്ടി അങ്ങനെയാണ് ഉലഹന്നാൻറെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
കൂടുതൽ നിരൂപണങ്ങൾക്ക് ബുക്ക് മൈ ഷോയിലേക്ക്
പ്രണയോപനിഷത് എന്ന വി ജെ ജയിംസിൻറെ കഥയെ ഉപജീവിച്ചാണ് എം സിന്ധുരാജ് ഈ തിരക്കഥ സൃഷ്ടിച്ചതെന്ന് കേട്ടിരുന്നു. ആ കഥ ഞാൻ വായിച്ചിട്ടില്ല.എങ്കിലും ഈ സിനിമ ഒരു ചെറുകഥ പോലെ മനോഹരമാണെന്ന് നിസംശയം പറയാം. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഒരു സന്ദേശം കൺവേ ചെയ്യുന്ന സിനിമയാണ്. എന്നാൽ ഒരു സന്ദേശം ആളുകളിലേക്കെത്തിക്കാനായി ബോധപൂർവം തട്ടിക്കൂട്ടിയ കഥയല്ല. രസിപ്പിച്ചും ചിന്തിപ്പിച്ചും സങ്കടപ്പെടുത്തിയുമാണ് ജിബു ജേക്കബ് തൻറെ രണ്ടാം സിനിമ മുമ്പോട്ടുകൊണ്ടുപോകുന്നത്. സിനിമ അവസാനിക്കുമ്പോൾ ഉലഹന്നാനും ആനിയമ്മയും അവരുടെ ജീവിതവും നമുക്കൊപ്പം പോരുന്നു. ഇനിയും നാളുകളോളം ഈ സിനിമ എൻറെ ഹൃദയത്തിലുണ്ടാവുമെന്ന് ഉറപ്പ്.
ജൂലിയുമായുള്ള ബന്ധം വർക്കൗട്ടാകാതെ പോകുകയും തൻറെ തന്നെ ദാമ്പത്യത്തിലേക്ക് ഉലഹന്നാൻ തിരിഞ്ഞുനോക്കുകയും ചെയ്യുന്നിടത്ത് ഈ സിനിമ അതിൻറെ ഏറ്റവും സുന്ദരമായ വഴിത്തിരിവിലെത്തുകയാണ്. ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ പ്രണയം അവർ കണ്ടെത്തുമ്പോൾ വീണ്ടും തളിരിടുകയാണ് അവരുടെ ജീവിതം. അതിമനോഹരമായ സംഭാഷണങ്ങളും മുഹൂർത്തങ്ങളും കൊണ്ട് സിന്ധുരാജും ജിബു ജേക്കബും പ്രേക്ഷകരെ വശീകരിക്കുന്നു. വളരെ സ്വാഭാവികമായ നർമ്മമുഹൂർത്തങ്ങൾ കൊണ്ടാണ് ഈ മുന്തിരിക്കഥ കൊരുത്തിരിക്കുന്നത്.
മോഹൻലാൽ എന്ന താരത്തെ പുലിമുരുകനിൽ കണ്ട മലയാളികൾ ഉലഹന്നാൻ എന്ന സാധാരണക്കാരനായ കഥപാത്രത്തെയാണ് മോഹൻലാലിലൂടെ സിനിമയിൽ കണ്ടെത്തുന്നത്. ഒരു സൂപ്പർതാര സിനിമ എന്ന കെട്ടുബാധ്യതകളില്ലാതെ കഥ പറയാൻ ജിബു ജേക്കബിന് കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ വിജയം. സാങ്കേതികമായും മേൻമ പുലർത്തുന്ന സിനിമയാണിത്. എന്നാൽ കഥ പറഞ്ഞുവന്ന ശൈലിയിൽ നിന്ന് അൽപ്പം മാറിയുള്ളതാണ് ഉലഹന്നാൻറെ മുൻകാലചരിത്രത്തിൻറെ ആഖ്യാനം. അവിടെ നമുക്ക് കഥാപാത്രങ്ങൾക്കൊപ്പം ഒരു ക്യാമറയുടെ സാന്നിധ്യം കൂടി ഫീൽ ചെയ്യുന്നു. സാങ്കേതികമായുള്ള പുതിയ ശ്രമങ്ങൾ കഥയുടെ ഒഴുക്കിന് തടസമുണ്ടാക്കരുതെന്നാണ് എൻറെ ഒരു കാഴ്ചപ്പാട്.
ഒരു ഇരുപത് വർഷം മുമ്പുള്ള മോഹൻലാലിനെ ഈ സിനിമയിൽ നമുക്ക് കണ്ടെത്താം. അതേ കുസൃതിയും സംഭാഷണ ശൈലിയും കള്ളത്തരവുമെല്ലാം അനുഭവിക്കാം. ഇത്രയും അനായാസമായി അടുത്ത കാലത്തൊന്നും ഒരു സിനിമയിലും മോഹൻലാൽ ജീവിച്ചിട്ടില്ല. ആനിയമ്മ എന്ന കഥാപാത്രത്തെ മീന ഉജ്ജ്വലമാക്കി. ദൃശ്യത്തിലേതിനേക്കാൾ ഈ ജോഡിക്ക് മികച്ച കെമിസ്ട്രിയുള്ളത് ഈ സിനിമയിലാണെന്ന് പറയാം. അനൂപ് മേനോൻ തൻറെ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയിട്ടുണ്ട്. അലൻസിയർ, ഷാജോൺ, സ്രിന്ദ, ഐമ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ സുരാജിൻറെയും ആശാ ശരത്തിൻറെയും കഥാപാത്രങ്ങൾ വേണ്ടത്ര നന്നായില്ല.
കുടുംബങ്ങൾക്ക് ആഘോഷിക്കാനുള്ള സിനിമയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. അതുകൊണ്ടുതന്നെ ഈ സിനിമയെ കുടുംബപ്രേക്ഷകർ മലയാളത്തിലെ വലിയ വിജയങ്ങളിലൊന്നാക്കുമെന്നും ഉറപ്പ്. എല്ലാവർക്കും ഞാൻ ഈ സിനിമ 100 % ആത്മാർത്ഥമായി റെക്കമെന്റ് ചെയ്യുന്നു.
Rating: 4.5/5