കത്തി - നിരൂപണം

കത്തി, ഷങ്കര്‍, മുരുഗദോസ്, വിജയ്, സാമന്ത, സമാന്ത, നിരൂപണം
സ്മേര ആന്‍ മരിയ| Last Updated: ബുധന്‍, 22 ഒക്‌ടോബര്‍ 2014 (18:38 IST)
പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് മറ്റൊരു 'തുപ്പാക്കി' ആണ്. എന്നാല്‍ 'കത്തി'ക്ക് ഒരിക്കലും തുപ്പാക്കിയാകാന്‍ കഴിയില്ല. കാരണം കത്തി എന്ന സിനിമയ്ക്ക് മറ്റൊരു ലക്‍ഷ്യമാണ്. മറ്റൊരു വേഗമാണ്. ഒരു കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നര്‍ എന്നതിനേക്കാളുപരി കത്തി സമൂഹത്തിന് ഏറെ സന്ദേശങ്ങള്‍ നല്‍കുന്ന ഒരു നല്ല സിനിമയാണ്. സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക് വിജയ് വീണ്ടും ഇടപെടുന്നു.

കത്തി എന്ന സിനിമയ്ക്ക് സംസാരിക്കാന്‍ ഒട്ടേറെ വിഷയങ്ങളുണ്ട് എന്നതാണ് മറ്റ് വിജയ് ഹിറ്റുകളില്‍ നിന്ന് ഈ സിനിമയെ വേറിട്ട് നിര്‍ത്തുന്നത്. ഇതിലെ നായകന്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവനാണ്(നായകര്‍ എന്നുപറയണം - കാരണം രണ്ട് വിജയ് ഉണ്ട്. ദീപാവലി ആഘോഷമാക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം?).

ജനങ്ങളുടെ കുടിവെള്ളം കൊള്ളയടിക്കുന്ന മാഫിയയ്ക്ക് നേരെ പ്രതികരിക്കുന്നവന്‍, കര്‍ഷക ആത്മഹത്യയില്‍ വേദനിക്കുന്നവന്‍, മാധ്യമങ്ങളുടെ റേറ്റിംഗ് ഭ്രാന്തിനെതിരെ രോഷം കൊള്ളുന്നവന്‍ - വിജയ് അവതരിപ്പിക്കുന്ന ജീവാനന്ദം എന്ന നായകന്‍ ഇതൊക്കെയാണ്. എന്നാല്‍ വിജയ് തന്നെ ജീവന്‍ പകരുന്ന കതിരേശന്‍ എന്ന കഥാപാത്രം ഒരു കള്ളനും ജയില്‍പ്പുള്ളിയുമാണ്.

ഒരു ശീതളപാനീയ നിര്‍മ്മാണക്കമ്പനി ഒരു ഗ്രാമത്തിലെ കര്‍ഷകരുടെ ഭൂമി നിയമവിരുദ്ധമായി സ്വന്തമാക്കിയതില്‍ ജീവാനന്ദം ഇടപെടുന്നതോടെ കത്തിയുടെ പ്രമേയം സംഘര്‍ഷാത്മകമായ വഴിത്തിരിവിലെത്തുന്നു. ആ കോളാ കമ്പനിയുടെ ചെയര്‍മാനായി നീല്‍ നിതിന്‍ മുകേഷ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

ആദ്യപകുതി ഒരു മാസ് ചിത്രത്തിന്‍റെ എല്ലാ പേസോടെയും കുതിക്കുമ്പോള്‍ രണ്ടാം പകുതി അല്‍പ്പം സ്ലോ ആകുന്നു. എന്നാല്‍ ക്ലൈമാക്സിനോടടുക്കുമ്പോള്‍ വീണ്ടും പ്രേക്ഷകരെ ആവേശത്തിലേക്ക് നയിച്ച് ഒരു ഗംഭീര ക്ലൈമാക്സോടെ അവസാനിക്കുന്നു കത്തി. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനവും തിരക്കഥയും മികച്ചത്. പല സാധാരണ ഡയലോഗുകളും പഞ്ച് ഡയലോഗുകളായി ഫീല്‍ ചെയ്യുന്ന അവസ്ഥ.

കത്തിയിലെ പലരംഗങ്ങളും എഴുന്നേറ്റ് നിന്ന് പ്രേക്ഷകര്‍ കൈയടിച്ച് സ്വീകരിക്കുന്നത് കാണാമായിരുന്നു. പ്രത്യേകിച്ചും വിജയ് ജയില്‍ ചാടുന്ന രംഗം. അതിന്‍റെ ദൃശ്യമികവും അമ്പരപ്പിക്കുന്നതാണ്. ജോര്‍ജ്ജ് സി വില്യംസിന്‍റെ ഛായാഗ്രഹണവും അനിരുദ്ധിന്‍റെ സംഗീതവും പ്രേക്ഷകരെ വശീകരിക്കും. എന്നാല്‍ ഗാനങ്ങള്‍ പലപ്പോഴും കഥയുടെ സ്പീഡിനെ ബാധിക്കുണ്ട് എന്നത് ന്യൂനതയാണ്. അനല്‍ അരശിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ത്രസിപ്പിക്കും.

കതിരേശനായും ജീവാനന്ദമായും തകര്‍പ്പന്‍ പ്രകടനമാണ് വിജയ് കാഴ്ചവച്ചിരിക്കുന്നത്. രണ്ട് കഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത മാനറിസങ്ങള്‍ നല്‍കുന്നതിലും പ്രകടനത്തിലെ വ്യത്യാസം കൊണ്ടും വിജയ് മികച്ചുനിന്നു. സമാന്തയും മികച്ച അഭിനയം കാഴ്ച വച്ചു.

ഒരിക്കല്‍ക്കൂടി എ ആര്‍ മുരുഗദോസ് തെളിയിച്ചിരിക്കുന്നു. ഷങ്കര്‍ എന്ന സംവിധായകന് എന്നും വെല്ലുവിളിയുയര്‍ത്തുന്ന സംവിധായകന്‍ താന്‍ തന്നെയാണെന്ന്. കത്തിയോടെ മത്സരം മുറുകുകയാണ്. 'ഐ'യിലൂടെ ഷങ്കര്‍ കത്തിക്ക് മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :