നിര്‍മ്മാതാവിന്‍റെ പേര് നീക്കി, 'കത്തി' ബുധനാഴ്ച തന്നെയെന്ന് വിജയ്!

വിജയ്, അജിത്, കത്തി, മുരുഗദോസ്, സൂര്യ, ഗൌതം മേനോന്‍
Last Updated: ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (15:13 IST)
'കത്തി' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അവസാനിക്കുന്നു. സിനിമയുടെ ഇനിയുള്ള പോസ്റ്ററുകളില്‍ നിന്നും സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നുമെല്ലാം നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന്‍റെ പേരും ലോഗോയും നീക്കുമെന്ന് വിജയ് അറിയിച്ചു. ഇതോടെ ഇതുസംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ബുധനാഴ്ച മുതല്‍ ചിത്രം തിയേറ്ററുകളില്‍ കാണാമെന്നും വിജയ് അറിയിച്ചു.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് ജയലളിതയ്ക്ക് വിജയ് തന്‍റെ നന്ദി അറിയിച്ചിട്ടുണ്ട്.

കത്തിയുടെ റിലീസ് ഡേറ്റില്‍ ഒരു മാറ്റവുമില്ലെന്ന് തമിഴ്നാട് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അഭിരാമി രാമനാഥന്‍ അറിയിച്ചു. ചിത്രത്തിന്‍റെ ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

എ ആര്‍ മുരുഗദോസ് - വിജയ് ടീമിന്റെ 'കത്തി'ക്കെതിരെ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധക്കാര്‍ രണ്ട് തിയേറ്ററുകള്‍ തകര്‍ത്തിരുന്നു.

ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട തിയേറ്ററുകളായ സത്യം സിനിമാസ്, വുഡ്‌ലാന്‍ഡ്സ് എന്നിവയ്ക്കെതിരെയാണ്‌ അക്രമമുണ്ടായത്. സത്യം സിനിമാസിലേക്ക് പെട്രോള്‍ ബോംബ് ആക്രമണമാണ് ഉണ്ടായത്. ഗ്ളാസുകളെല്ലാം ആക്രമണത്തില്‍ തകര്‍ന്നു. വുഡ്‌ലാന്‍ഡ്സിന്‌ നേരെ കല്ലേറുണ്ടായി.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക എന്ന കമ്പനിക്ക് ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്ന ആരോപണമാണ്‌ തമിഴ് സംഘടനകളെ പ്രകോപിപ്പിച്ചത്. സംവിധായകന്‍ മുരുഗദോസും നിര്‍മ്മാതാക്കളും സംഘടനകളുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടും ഫലം കാണാന്‍ കഴിഞ്ഞിരുന്നില്ല.

നേരത്തേ വിജയുടെ തലൈവാ എന്ന സിനിമയ്ക്ക് നേരെയും സമാനമായ പ്രതിഷേധ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അന്ന് 10 ദിവസത്തിലേറെ വൈകിയാണ്‌
തമിഴ്നാട്ടില്‍ തലൈവയുടെ പ്രദര്‍ശനം ആരംഭിക്കാന്‍ കഴിഞ്ഞത്.

വിജയ് ഡബിള്‍ റോളില്‍ അഭിനയിക്കുന്ന കത്തിയില്‍ സമാന്തയാണ്‌ നായിക. അനിരുദ്ധ് സംഗീതം ചെയ്ത ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :