ഇവന്‍ മര്യാദരാമന്‍ - നിരൂപണം

ഇവന്‍ മര്യാദരാമന്‍ - നിരൂപണം, ഇവന്‍ മര്യാദരാമന്‍, ദിലീപ്, നിക്കി, ഉദയന്‍, സിബി
അലോഷ്യസ് നെടുവത്ത്| Last Updated: ശനി, 4 ഏപ്രില്‍ 2015 (18:16 IST)
വീഴ്ചയില്‍ നിന്ന് പാഠം പഠിക്കണം എന്നുകേട്ടിട്ടില്ലേ? എല്ലാവരും കേട്ടിട്ടുണ്ടാവുമെങ്കിലും നമ്മുടെ ജനപ്രിയ നായകന്‍ ദിലീപ് അത് കേട്ടിരിക്കാനിടയില്ല എന്നാണ് തോന്നുന്നത്. ‘ഇവന്‍ മര്യാദരാമന്‍’ എന്ന സിനിമ കണ്ടാല്‍ അതാണ് മനസിലാക്കാന്‍ കഴിയുന്നത്. അവതാരത്തില്‍ നിന്നും വില്ലാളിവീരനില്‍ നിന്നും നാടോടി മന്നനില്‍ നിന്നുമൊന്നും ദിലീപ് ഒരു പാഠവും പഠിച്ചിട്ടില്ല. അതേ ട്രാക്ക് തുടരുന്നു. ആ ട്രാക്കില്‍ സഞ്ചരിക്കുന്ന ദിലീപിനെ കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് മര്യാദരാമനും ഇഷ്ടമായേക്കാം.

വമ്പന്‍ സെറ്റപ്പിലാണ് കഥ പറയുന്നത് നവാഗത സംവിധായകനായ സുരേഷ് ദിവാകര്‍. പക്ഷേ നമ്മള്‍ വൈശാഖിന്‍റെ കസിന്‍സ് കണ്ടതാണ്. അത് ഇതിലും വലിയ സെറ്റപ്പായിരുന്നു. പറഞ്ഞിട്ടുകാര്യമുണ്ടോ? ജനങ്ങള്‍ക്ക് പിടിക്കണമെങ്കില്‍ ഷങ്കര്‍ സിനിമയുടെ ഒരുക്കങ്ങളും ചമയങ്ങളും മാത്രം പോരാ. മനസില്‍ തട്ടുന്ന കഥയുടെ അംശമെങ്കിലും വേണം.

പകയുടെയും പ്രതികാരത്തിന്‍റെയും തമാശയില്‍ പൊതിഞ്ഞ അവതാരമാണ് ഇവന്‍ മര്യാദരാമന്‍. കണ്ടാല്‍ വെട്ടാന്‍ നടക്കുന്ന രണ്ടു ഗ്രാമങ്ങളില്‍ നിന്ന് നായകനും നായികയുമെത്തുന്നു. നായകന്‍ ഒരു വീടിനുള്ളില്‍ പെട്ടുപോകുകയും ചെയ്യുന്നു. പിന്നീടാണ് കഥ. ആ വീടിനുള്ളില്‍ നിന്ന് അയാള്‍ക്ക് എങ്ങനെ രക്ഷപ്പെടാനാകും എന്നതാണ് സിനിമ മൊത്തമായി പറയാന്‍ ശ്രമിക്കുന്നത്.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്

തെലുങ്ക് പ്രേക്ഷകര്‍ക്ക് പറ്റിയ വിഭവം തന്നെയാണ് ഈ കഥ. അതുകൊണ്ടാണല്ലോ ഇതിന്‍റെ ഒറിജിനലായ തെലുങ്കുപടം മര്യാദരാമണ്ണ കോടികള്‍ വാരിയത്. കേരളത്തില്‍ പക്ഷേ ഇതൊക്കെ കാശായി മാറണമെങ്കില്‍ വല്യ ബുദ്ധിമുട്ടാണ്. കാരണം, എന്തിന്‍റെയും ഏതിന്‍റെയും ലോജിക് അന്വേഷിക്കുന്നവരാണ് മലയാളികള്‍. അത് മനസിലാക്കാന്‍ സംവിധായകനോ നായകനോ കഴിഞ്ഞിട്ടില്ല.

ദിലീപ് പതിവുപോലെ തനിക്കു ചെയ്യാനുള്ളതൊക്കെ ചെയ്തു. നായിക നിക്കി ശരാശരിയില്‍ ഒതുങ്ങി. വില്ലനായെത്തിയ നഗനീടു ഗംഭീര പെര്‍ഫോമന്‍സാണ് നടത്തിയത്. ഗോപി സുന്ദറിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഭേദപ്പെട്ടതാണ്.

റേറ്റിംഗ്: 2.5/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :