സ്വയം രാകിമിനുക്കിയ നടന്റെ അഴിഞ്ഞാട്ടം; ഞെട്ടിച്ച് 'പുഴു', രത്തീനയ്‌ക്കൊരു ബിഗ് സല്യൂട്ട്

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 12 മെയ് 2022 (21:09 IST)

സ്വന്തമായി ഒരു സിനിമ ചെയ്യാന്‍ രത്തീന കഷ്ടപ്പെട്ടത് വര്‍ഷങ്ങളാണ്. സിനിമ സെറ്റുകളില്‍ രാവന്തിയോളം പണിയെടുത്തു, എല്ലാ ജോലികളും ഓടിനടന്നു ചെയ്തു, അപ്പോഴെല്ലാം സ്വന്തമായി ഒരു സിനിമ മാത്രമായിരുന്നു സ്വപ്നം. ഒടുവില്‍ രത്തീന അതും സാധ്യമാക്കി. സോണി ലിവില്‍ റിലീസ് ചെയ്ത 'പുഴു' രത്തീനയെന്ന നവാഗത സംവിധായകയുടെ കയ്യൊപ്പ് പതിഞ്ഞ ഗംഭീര സിനിമയാണ്.

പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ നായക/പ്രതിനായക കഥാപാത്രത്തെ ഫോക്കസ് ചെയ്തുകൊണ്ട് മാത്രമാണ് മുന്നോട്ടുപോകുന്നത്. പതിയെ പതിയെ ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്കും സിനിമ കടക്കുന്നു. ത്രില്ലര്‍ സ്വഭാവത്തിലേക്ക് സിനിമ പ്രവേശിക്കുമ്പോള്‍ മുതല്‍ കഥാപരിസരം പ്രേക്ഷകനെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്നു.

മമ്മൂട്ടിയെന്ന നടന്റെ അസാധ്യ പ്രകടനമാണ് പുഴുവിന്റെ നട്ടെല്ല്. സ്വയം രാകിമിനുക്കാന്‍ യാതൊരു മടിയുമില്ലെന്ന് 70 പിന്നിട്ട മമ്മൂട്ടി വീണ്ടും വീണ്ടും പറയുമ്പോള്‍ അത് പൊള്ളയായ വാക്കല്ല. മറിച്ച് സ്വയം രാകിമിനുക്കലിന് പരുവപ്പെടാന്‍ ഏതറ്റം വരെയും പോകാമെന്ന് അയാള്‍ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. അതാണ് പുഴുവില്‍ കാണുന്നതും ! ഒരേസമയം താന്‍ നായകനാണെന്നും പ്രതിനായകനാണെന്നും പ്രേക്ഷകനെ കബളിപ്പിക്കും വിധം തോന്നിപ്പിക്കുന്നുണ്ട് മമ്മൂട്ടിയിലെ അസാധ്യ നടന്‍. അതിന് അയാള്‍ക്ക് ഡയലോഗുകള്‍ പോലും ആവശ്യമില്ല. ചില സമയത്ത് ചേഷ്ടകള്‍ കൊണ്ട്, ചില സീനുകളില്‍ നോട്ടം കൊണ്ട്, ചിലയിടത്ത് ശരീരഭാഷ കൊണ്ട്....,

'മമ്മൂട്ടിയുടെ കഥാപാത്രം അനുഭവിക്കുന്ന ഇന്‍സെക്യൂരിറ്റിയും ഭയവും ആകുലതകളും പ്രേക്ഷകന്‍ മനസ്സിലാക്കുന്നു, അതേസമയം തന്നെ ആ കഥാപാത്രത്തിനിട്ട് രണ്ട് പൊട്ടിക്കണമെന്ന് ചില സമയത്ത് തോന്നുകയും ചെയ്യുന്നു' ഇതിനപ്പുറം മമ്മൂട്ടിയുടെ പുഴുവിലെ കഥാപാത്രത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ക്ലൈമാക്‌സ് രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം അസാധ്യം, അവര്‍ണ്ണനീയം !

പാര്‍വതി തിരുവോത്ത്, മാസ്റ്റര്‍ വാസുദേവ്, കുഞ്ചന്‍, ഇന്ദ്രന്‍സ് തുടങ്ങി സിനിമയില്‍ വന്നുപോയ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം നടത്തി. ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ഏറെ പ്രശംസ അര്‍ഹിക്കുന്നു. സിനിമയുടെ സ്ലോ പേസിനെ പ്രേക്ഷകരിലേക്ക് കൃത്യതയോടെ എത്തിച്ചതില്‍ പശ്ചാത്തല സംഗീതത്തിനു വലിയ പങ്കുണ്ട്. ഹര്‍ഷദ്, ഷര്‍ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് പുഴുവിന്റെ തിരക്കഥ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :