'തല്ലിക്കൊല്ലാനോ മോന്ത പിടിച്ച് റോട്ടിലൊരയ്ക്കാനോ തോന്നി'

രേണുക വേണു| Last Modified വെള്ളി, 13 മെയ് 2022 (14:50 IST)

രത്തീന സംവിധാനം ചെയ്ത പുഴു സോണി ലിവില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രം തന്നെയാണ് ഇതിനോടകം ഏറെ ചര്‍ച്ചയായിരിക്കുന്നത്. പ്രതിനായക വേഷത്തില്‍ മമ്മൂട്ടി തകര്‍ത്തെന്നാണ് സിനിമ മേഖലയിലുള്ളവര്‍ പോലും കമന്റ് ചെയ്യുന്നത്.

പുഴു സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചും എഴുത്തുകാരനും സിനിമാ നിരൂപകനുമായ ശൈലന്‍ ശൈലേന്ദ്രകുമാര്‍ എഴുതിയ പോസ്റ്റ് വായിക്കാം.

'ജനഗണമന'യില്‍ വെടിയുണ്ട പോലെ പ്രേക്ഷകന്റെ നെഞ്ചിലേക്ക് തൊടുത്തുവിട്ട ഇന്‍ഡ്യന്‍ സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ
നെറികെടുകള്‍, രണ്ടുമണിക്കൂര്‍ നേരം ഒരു പുഴു ദേഹത്ത് കയറിയ ഇറിറ്റേഷനോടെ കേരളീയപശ്ചാത്തലത്തില്‍ അനുഭവിപ്പിക്കുന്നു
സോണി ലിവില്‍ റിലീസ് ചെയ്തിരിക്കുന്ന രതീന-മമ്മുട്ടി സിനിമ പുഴു..

ജാതിദുരഭിമാനവും അതുമായി ബന്ധപ്പെട്ട അധികാരബോധവും വീടിനുള്ളിലും കുടുംബത്തിലും സമൂഹത്തിലും എങ്ങനെയാണ് ടോക്‌സിക് ആയി പ്രവര്‍ത്തിക്കുന്നത് എന്ന് സിനിമ അതീവസൂക്ഷ്മമായി ചിത്രീകരിക്കുന്നു.

ഓരോ നിമിഷവും തല്ലിക്കൊല്ലാനോ മോന്ത പിടിച്ച് റോട്ടിലൊരയ്ക്കാനോ തോന്നിപ്പിക്കും വിധത്തിലുള്ള നെഗറ്റീവ് മാത്രമായ ഒരു കഥാപാത്രത്തിലേക്ക് തന്റെ താരശരീരത്തെ ചാവേര്‍ബോംബിനെപോലെ വിട്ടുകൊടുത്ത മമ്മൂട്ടി ശരിക്കും ഞെട്ടിച്ചു.

ലവബിള്‍ ആയ ഒരു ഘട്ടവും ആ ക്യാരക്റ്ററിനില്ല എന്നോര്‍ക്കുക.. എന്നാല്‍
complexities ആവോളം ഉണ്ട് താനും.. തനിക്ക് മാത്രം ശരിയെന്നും കാണുന്നവര്‍ക്കൊന്നും നീതീകരിക്കാനാവാത്തതുമായ വൈകാരികവിക്ഷോഭങ്ങള്‍ കൊണ്ട് തിളയ്ക്കുകയാണ് സിനിമയിലുടനീളം അയാള്‍.. ആ തിള നമ്മളിലേക്ക് എത്തിക്കുക എന്നത് ചെറിയ കാര്യമല്ല.. ഇക്കയുടെ കരിയറിലെ തന്നെ ഏറ്റവും കാമ്പും കട്ടിയും ഉള്‍ക്കനവും ഉള്ള ക്യാരക്റ്റര്‍ ആയി ഞാനിതിനെ എണ്ണുന്നു.

അപ്പുണ്ണി ശശിയുടെയും വാസുദേവ് എന്ന കുട്ടിയുടെയും പെര്‍ഫോമന്‍സ് എടുത്തുപറയാന്‍ ഉണ്ട്.. ആര്‍ക്ക് വേണമെങ്കിലും ചെയ്യാവുന്ന ഒരു റോളിലേക്ക് പാര്‍വതിയെ കാസ്റ്റ് ചെയ്തതിലും അവര്‍ അത് ഏറ്റെടുത്തതിലും കൃത്യമായ പൊളിറ്റിക്‌സ് ഉണ്ട്.

കെജിഎഫ് പോലെയോ ജനഗണമന പോലെയോ തിയേറ്ററിന്റെ ഓളത്തില്‍ കാണേണ്ട ഒരു സിനിമ അല്ല പുഴു. മാസിനെ ത്രസിപ്പിക്കുന്ന ഒന്നും തന്നെ അതില്‍ ഇല്ല.. കൈകാര്യം ചെയ്യുന്ന വിഷയവും രാഷ്ട്രീയവും ആവശ്യപ്പെടുന്ന പേസ് ആണ് സിനിമയ്ക്കുള്ളത്. ഓടിടി റിലീസ് എന്നത് ബുദ്ധിപരമായ ഒരു തീരുമാനമായി.

അവസാനത്തെ 10-15മിനിറ്റില്‍ എഴുത്തുകാര്‍ക്കും സംവിധായികയ്ക്കും കൗതുകവും ആവേശവും ഇച്ചിരി കൂടിപ്പോയി എന്നതാണ് സിനിമയുടെ നെഗറ്റീവ് ആയി തോന്നിയത്. അല്ലെങ്കില്‍ പരിയേറും പെരുമാള്‍ പോലെയോ സൈരാത്ത് പോലെയോ ഗംഭീരമായി രേഖപ്പെടുമായിരുന്ന ഒരു സിനിമയായി പുഴു മാറുമായിരുന്നു..



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :