രേണുക വേണു|
Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (10:00 IST)
Prithviraj Film Theerppu Review: പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പ് തിയറ്ററുകളില്‍. മുരളി ഗോപി തിരക്കഥ രചിച്ച സിനിമ വളരെ വ്യത്യസ്തമായ പ്രമേയമാണ് സംസാരിക്കുന്നത്. ശക്തമായ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയം. എങ്കിലും തിയറ്ററുകളില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ തീര്‍പ്പിന് പൂര്‍ണമായി സാധിക്കുന്നില്ല. പറയാന്‍ ഉദ്ദേശിച്ച രാഷ്ട്രീയം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതാണ് സിനിമയുടെ പോരായ്മ. മുരളി ഗോപിയുടെ തിരക്കഥ ശരാശരിയില്‍ ഒതുങ്ങി.
രാഷ്ട്രീയത്തെ സര്‍ക്കാസ്റ്റിക്കായി അവതരിപ്പിക്കാനാണ് രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേര്‍ന്ന് ശ്രമിച്ചിരിക്കുന്നത്. അത് ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. സാധാരണ പ്രേക്ഷകര്‍ക്ക് അത്ര പെട്ടന്ന് മനസ്സിലാക്കാവുന്ന രീതിയിലല്ല ചിത്രത്തിന്റെ കഥ പറച്ചില്‍. അതുകൊണ്ട് തന്നെ തീര്‍പ്പിന്റെ തിയറ്റര്‍ പ്രതികരണം ശരാശരിയില്‍ ഒതുങ്ങുന്നു.
അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വന്നാല്‍ സമീപകാലത്തെ പല സിനിമകളിലെയും കഥാപാത്രങ്ങളെ പൃഥ്വിരാജിന്റെ അബ്ദുള്ള മരയ്ക്കാര്‍ എന്ന കഥാപാത്രത്തില്‍ ആവര്‍ത്തിക്കുന്നതായി കാണാം. സൈജു കുറുപ്പ്, വിജയ് ബാബു, ഇന്ദ്രജിത്ത് എന്നിവരുടെ പ്രകടനങ്ങളും ശരാശരിയില്‍ ഒതുങ്ങി.