കന്യാസ്ത്രീയെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചിരിക്കുന്നു, ചൂടന്‍ രംഗങ്ങളും; ലെസ്ബിയന്‍ ചിത്രം 'ഹോളി വൂഡ്' വിവാദത്തില്‍

അഡള്‍ട്ട് മൂവിയായതിനാല്‍ 18 + ആളുകള്‍ മാത്രമേ ഈ ചിത്രം കാണാവൂ എന്ന് നിര്‍ദേശമുണ്ട്

രേണുക വേണു| Last Updated: ശനി, 13 ഓഗസ്റ്റ് 2022 (11:18 IST)

Lesbian Love Story Holy Wound Controversy: സ്വവര്‍ഗ പ്രണയത്തിന്റെ കഥ പറഞ്ഞ് അശോക് ആര്‍.നാഥ് സംവിധാനം ചെയ്ത ഹോളി വൂഡ്. കുട്ടിക്കാലം മുതല്‍ ഒന്നിച്ചു വളര്‍ന്ന രണ്ട് യുവതികള്‍ക്കിടയിലെ സൗഹൃദം, പ്രണയം, ലൈംഗികത എന്നിവയെ കുറിച്ചെല്ലാം വളരെ ശക്തമായാണ് ഹോളി വൂഡ് സംസാരിക്കുന്നത്. സംഭാഷണങ്ങളില്ലാതെയാണ് ചിത്രം കഥ പറയുന്നത്. ഒന്നര മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം.

സ്വവര്‍ഗാനുഗാരികളായ രണ്ട് യുവതികളുടെ കഥയാണ് ചിത്രം പറയുന്നത്. ഇതില്‍ ഒരു യുവതിയെ അവതരിപ്പിച്ചിരിക്കുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ ജാനകി സുധീര്‍ ആണ്. സ്വവര്‍ഗാനുരാഗിയാണെങ്കിലും ഒരു പുരുഷനെ വിവാഹം കഴിച്ച് ജീവിക്കുകയാണ് ജാനകിയുടെ കഥാപാത്രം. തന്റെ പുരുഷ പങ്കാളിയുമായി ലൈംഗികതയ്ക്ക് ജാനകിയുടെ കഥാപാത്രത്തിനു യാതൊരു താല്‍പര്യവുമില്ല. എന്നാല്‍ പല രാത്രികളിലും ഭാര്യയെ അയാള്‍ ക്രൂരമായി തന്റെ ലൈംഗിക തൃപ്തിക്ക് ഇരയാക്കുന്നു. ജാനകിയുടെ കഥാപാത്രത്തിനു പലപ്പോഴും പുരുഷന്റെ കരുത്തിനു മുന്നില്‍ വഴങ്ങി കൊടുക്കേണ്ടി വരുന്നു.ഭര്‍ത്താവിന്റെ പീഡനങ്ങളാല്‍ വേദനിക്കുമ്പോള്‍ ജാനകിയുടെ കഥാപാത്രം കുട്ടിക്കാലത്തെ തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കുറിച്ച് ഓര്‍ക്കുന്നു. ആ സുഹൃത്തും ജാനകിയുടെ കഥാപാത്രവും വളരെ അടുപ്പത്തിലായിരുന്നു. ആ സുഹൃത്തും സ്വവര്‍ഗാനുരാഗിയാണെന്നാണ് സിനിമ പറഞ്ഞുവെയ്ക്കുന്നത്. ഇരുവരും മാനസികവും ശാരീരികവുമായി വളരെ അടുപ്പത്തിലായിരുന്നു. കൗമാരത്തില്‍ എപ്പോഴോ ഇരുവരും പിരിയുന്നു. ജാനകിയുടെ കഥാപാത്രം ഒരു പുരുഷന് മുന്നില്‍ കഴുത്തു നീട്ടി കൊടുത്തെങ്കില്‍ ജാനകിയുടെ സുഹൃത്തായ പെണ്‍കുട്ടി കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്ന് കര്‍ത്താവിന്റെ മണവാട്ടിയായി.

ഒടുവില്‍ കന്യാസ്ത്രീയായ തന്റെ സുഹൃത്തിനെ തേടി ജാനകിയുടെ കഥാപാത്രം കന്യാസ്ത്രീ മഠത്തിലേക്ക് എത്തുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം തന്റെ സുഹൃത്തിനെ കണ്ട ആ കന്യാസ്ത്രീ മാനസികമായും ഏറെ പതറുന്നുണ്ട്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെല്ലാം ഏറെ വൈകാരികമായി അവതരിപ്പിച്ചിരിക്കുകയാണ് ഹോളി വൂഡ് എന്ന ചിത്രത്തില്‍.

ലെസ്ബിയന്‍ പ്രണയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സിനിമ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരിശ്രമം. ക്ലൈമാക്‌സില്‍ വളരെ ബോള്‍ഡ് ആയ രംഗങ്ങള്‍ കാണിക്കുന്നത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകാനും വിവാദമാകാനും സാധ്യതയുണ്ട്. ഒരു കന്യാസ്ത്രീയെ സ്വവര്‍ഗ പ്രണയം പ്രമേയമാക്കിയ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളില്‍ ഒന്നായി അവതരിപ്പിച്ചത് തന്നെയാകും ഏറ്റവും ചൂടേറിയ ചര്‍ച്ചയാകാന്‍ പോകുന്ന വിഷയം. ഡയലോഗുകളില്ലാതെ തന്നെ പ്രേക്ഷകരുമായി ചിത്രം സംവിദിക്കുന്നുണ്ട്.

ജാനകി സുധീര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹോളി വൂഡ് കാണാന്‍ ചെയ്യേണ്ടത്:

എസ്.എസ്.ഫ്രെയിംസ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് ഹോളി വൂഡ് റിലീസ് ചെയ്തിരിക്കുന്നത്. www.ssframes.com എന്ന വെബ്സൈറ്റില്‍ കയറിയാല്‍ ഹോളി വൂഡ് കാണാന്‍ സാധിക്കും. 140 രൂപയുടെ സബ്സ്‌ക്രിപ്ഷനാണ് ഇതിനുവേണ്ടി എടുക്കേണ്ടത്. അഡള്‍ട്ട് മൂവിയായതിനാല്‍ 18 + ആളുകള്‍ മാത്രമേ ഈ ചിത്രം കാണാവൂ എന്ന് നിര്‍ദേശമുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :