ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ മാജിക് വീണ്ടും, 'ജോജി' ഗംഭീരം!

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (14:49 IST)

ഷെയ്ക്‌സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് ഒരുക്കിയ 'ജോജി' ഗംഭീരം എന്ന് ഒറ്റവാക്കില്‍ പറയാം. പുതിയൊരു സിനിമ അനുഭവം തന്നെ ആസ്വദിക്കാം. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദ് ഫാസിലും-ദിലീഷ് പോത്തനും ഒന്നിക്കുമ്പോളുളള പ്രതീക്ഷകള്‍ നിറവേറ്റാന്‍ ടീമിനായി. ഒരു ദുരന്തനാടകത്തിന്റെ എല്ലാവിധ പിരിമുറുക്കങ്ങളും സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്യാം പുഷ്‌കരന്റെ സ്‌ക്രിപ്റ്റിംഗ് ആയി.


'ജോജി' ഒരു പക്കാ ദുര്‍ബലന്‍

സിനിമയുടെ തുടക്കത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന ജോജി എന്ന കഥാപാത്രത്തെ ഒരു ദുര്‍ബലനായാണ് കാണാനാകുക. ആരെയും ഉപദ്രവിക്കാത്ത, അച്ഛന്‍ പോലും ഒട്ടു പാലിന് ഉണ്ടായവന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ചേട്ടന്‍ ജോമോനെ താരതമ്യം ചെയ്യുമ്പോള്‍ ശരീരം കൊണ്ട് മെലിഞ്ഞവന്‍. ശരിക്കും ജോയിയായി ജീവിക്കുകയായിരുന്നു ഫഹദ് വേണം പറയാന്‍. രൂപത്തില്‍ മാത്രമല്ല ഓരോ ചലനത്തിലും നോട്ടത്തില്‍ പോലും ഫഹദ് ജോജിയായി മാറി. സംവിധായകനായ ദിലീഷ് പോത്തിന് വേണ്ടത് മാത്രം സ്‌ക്രീനില്‍ നല്‍കുന്ന ഫഹദ് മാജിക്. ഇക്കഴിഞ്ഞ ദിവസം റിലീസായ 'ഇരുള്‍'ലെ കഥാപാത്രത്തില്‍ ഏറെ വ്യത്യാസമുള്ള ഫഹദിനെ പ്രേക്ഷകര്‍ക്ക് കാണാം.


ഏകാധിപതി പനച്ചേല്‍ കുട്ടന്‍

ശരിക്കും ഒരു ഏകാധിപതിയെ പോലെയാണ്
അച്ഛന്‍ പനച്ചേല്‍ കുട്ടന്‍. അയാളുടെ സാമ്രാജ്യം എന്ന് വിശേഷിപ്പിക്കാവുന്ന ബംഗ്ലാവും അതിനു ചുറ്റുമുള്ള റബ്ബര്‍ എസ്റ്റേറ്റും. അച്ഛനോട് രണ്ടു വാക്ക് പറയാന്‍ പോലും തീരമില്ലാത്ത ആണ്‍മക്കളാണ് ജോജി ( ഫഹദ്), ജോമോന്‍ (ബാബുരാജ്), ജെയ്‌സണും. മക്കള്‍ ആഗ്രഹിക്കുന്ന പോലെ പക്ഷാഘാതം വന്ന് അച്ഛന്‍ കിടപ്പിലാകും. അപ്പന്‍ എന്ന് അധികാര കേന്ദ്രത്തെ തകര്‍ക്കാനുള്ള ജോജിയുടെ ആഗ്രഹം അതോടെ നടപ്പിലാക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ.

ഇതുവരെ കാണാത്ത ബാബുരാജ്

വില്ലനായും കോമഡി കഥാപാത്രമായും ഒക്കെ ബാബുരാജിനെ നമ്മളെല്ലാം കണ്ടിട്ടുണ്ട്. എന്നാല്‍ ജോജിയില്‍ ശരിക്കും ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് ആണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ബാബുരാജ് എന്ന നടന്റെ വേറൊരു മുഖം സിനിമയില്‍ പ്രേക്ഷകര്‍ക്ക് കാണാം. അച്ഛനോട് സ്‌നേഹമുള്ള ജോമോന്‍ വിവാഹ മോചിതന്‍ കൂടിയാണ് .

ബേസിലും ഷമ്മിയും


ബേസില്‍ ജോസഫ്, ഷമ്മി തിലകന്‍, ഉണ്ണിമായ എന്നിവരുടെ കഥാപാത്രങ്ങളും സിനിമയ്ക്ക് യോജിച്ചതായിരുന്നു. അവരുടെയെല്ലാം സംഭാഷണങ്ങളിലെ ഒറിജിനാലിറ്റി എടുത്തു പറയേണ്ടതാണ്.

ജസ്റ്റിന്‍ വര്‍ഗീസ് വേറെ ലെവല്‍

ജസ്റ്റിന്‍ വര്‍ഗീസിന്റെ ബാക്ഗ്രൗണ്ട് സ്‌കോറിംഗ് എടുത്തു പറയേണ്ട ഒന്നാണ്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും മികച്ചതായിരുന്നു.

റേറ്റിംഗ് 4/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :