കമല്‍ഹാസനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന ഫഹദ് ദളപതിയിലെ മമ്മൂട്ടിയെ ഓര്‍മിപ്പിക്കുന്നുണ്ട്; 'അമര്‍ ദ ഹീറോ'

രേണുക വേണു| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (10:11 IST)

പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയായിരിക്കുകയാണ് ലോകേഷ് കനകരാജ് ചിത്രം 'വിക്രം'. ഉലകനായകന്‍ കമല്‍ഹാസന് ഫാന്‍ബോയ് ലോകേഷ് നല്‍കിയ കിടിലന്‍ ട്രിബ്യൂട്ട് എന്ന് വേണമെങ്കില്‍ വിക്രമിനെ വിശേഷിപ്പിക്കാം. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം. ഇനിയും ഒന്നിലേറെ ചിത്രങ്ങള്‍ക്കുള്ള സാധ്യതയും വിക്രം ബാക്കിനിര്‍ത്തുന്നുണ്ട്. അതില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച അമര്‍ എന്ന കഥാപാത്രം ഏറ്റവും കാമ്പുള്ളതും ആഴമുള്ളതുമാണ്. ആ കഥാപാത്രത്തിന്റെ വ്യവഹാരങ്ങളിലൂടെ മാത്രം ഒരു സിനിമ ചെയ്യാനുള്ള സാധ്യതയാണ് വിക്രം തുറന്നിടുന്നത്.

കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ എന്നിവര്‍ക്കൊപ്പം സ്‌ക്രീനില്‍ എത്തുമ്പോള്‍ ഫഹദ് ഫാസില്‍ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തുന്നില്ല. മാത്രമല്ല പല സീനുകളിലും ഷോ സ്റ്റീലര്‍ ആകാനും ഫഹദിന്റെ അമറിനു സാധിക്കുന്നുണ്ട്. പേരുകേട്ട തമിഴ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മലയാളത്തില്‍ നിന്നുള്ള ഫഹദിന് ഇങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചത് തന്നെ അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട കാര്യമായി വരുംനാളുകളില്‍ വിലയിരുത്തപ്പെടും.

സാക്ഷാല്‍ രജനികാന്തിനൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി അഴിഞ്ഞാടിയ മണിരത്‌നം ചിത്രമാണ് ദളപതി. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ചില സീനുകളില്‍ രജനികാന്തിനേക്കാള്‍ മമ്മൂട്ടി ഡൊമിനേറ്റ് ചെയ്യുന്നു എന്ന ഭയം ഷൂട്ടിങ് വേളയില്‍ തങ്ങളെ അലട്ടിയിരുന്നതായി പില്‍ക്കാലത്ത് സന്തോഷ് ശിവന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രജനികാന്തിനേക്കാള്‍ മുകളില്‍ മറ്റൊരു താരം സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നത് പോലും അക്കാലത്ത് ആരാധകര്‍ക്ക് അത്ര ഇഷ്ടപ്പെടുന്ന കാര്യമായിരുന്നില്ല. അതുകൊണ്ടാണ് മമ്മൂട്ടി ഡൊമിനേറ്റ് ചെയ്യുന്നു എന്ന തോന്നല്‍ സന്തോഷ് ശിവനേയും മണിരത്‌നത്തേയും ആകുലപ്പെടുത്തിയത്.

വിക്രമിലെ ഫഹദ് ചിലയിടങ്ങളില്‍ ദളപതിയിലെ മമ്മൂട്ടിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആദ്യ പകുതി പൂര്‍ണമായി തന്റേതാക്കുന്ന തരത്തിലുള്ള മാസ്മരിക പ്രകടനമാണ് ഫഹദിന്റേത്. പിന്നീട് കമല്‍ഹാസന്‍ മുന്‍ സീറ്റിലേക്ക് വരുമ്പോഴും ഫഹദിന്റെ കഥാപാത്രം ബാലന്‍സിങ് നഷ്ടപ്പെടുത്തുന്നില്ല. കമല്‍ഹാസനൊപ്പമുള്ള സീനുകളില്‍ ഫഹദിന്റെ സ്‌ക്രീന്‍പ്രസന്‍സും കരിസ്മയും തിയറ്ററില്‍ ഉണ്ടാക്കുന്ന 'വൗ' ഫാക്ടര്‍ ചെറുതല്ല.

ഈ അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയ സിനിമകളിലെ ഫഹദ് കഥാപാത്രങ്ങള്‍ക്ക് ആവര്‍ത്തന വിരസതയുണ്ടായിരുന്നു. കഥാപാത്രത്തെ ഫഹദ് പൂര്‍ണതയില്‍ ചെയ്തിട്ട് പോലും ഈ നടന്‍ ആവര്‍ത്തിക്കപ്പെടുകയാണല്ലോ എന്ന സംശയം ആരാധകര്‍ പോലും പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. അങ്ങനെയൊരു സന്ദേഹത്തിനിടയിലേക്കാണ് അമര്‍ കടന്നുവരുന്നത്. വിക്രം സിനിമയുടെ ആത്മാവ് തന്നെയാകുന്നുണ്ട് പല വേളകളിലും ഫഹദിന്റെ അമര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :