വി ഹരികൃഷ്ണന്‍|
Last Updated:
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (14:05 IST)
ഇത്തരമൊരു പ്രമേയം സിനിമയിലേക്ക് ധൈര്യം കാണിച്ച സംവിധായകനും ഛായാഗ്രാഹകനുമായ വേണു ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. ചിത്രത്തിന്റെ കഥ വേണുവിന്റേതാണ്. പത്മരാജന്റെ ഒപ്പം നിന്ന് സിനിമയെ നോക്കിക്കണ്ട വേണുവില്‍ നിന്ന് ഇതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ട. ആദ്യസിനിമയായ ദയയും വ്യത്യസ്തമായ സിനിമയായിരുന്നു. പത്മരാജന്‍ സിനിമകളുടെ പ്രമേയ വൈവിധ്യവും അപ്രതീക്ഷിതമായ വികാസങ്ങളും. അത് വേണുവിലും ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും.
മറ്റൊന്ന് പൃഥ്വിരാജിന്റെ അതിഥി വേഷമാണ്. പെണ്ണ് കാണാനെത്തുന്ന ചാക്കോച്ചന്‍ എന്ന അമേരിക്കന്‍ മലയാളി അഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു ദൈവദൂതനാണ്. അഞ്ജലിയുടെ ജീവിതത്തിലെ രണ്ട് നിര്‍ണായക അവസ്ഥയിലാണ് ചാക്കോച്ചന്റെ ഇടപെടല്‍ ഉണ്ടാകുന്നത്. അതുപോലെ നാല് സംവിധായകര്‍ കഥാപാത്രങ്ങളായ ചിത്രം മറ്റൊരു സംവിധായകന്‍ നിര്‍മ്മിച്ചുവെന്ന പ്രത്യേകതയുമുണ്ട്. ജോയ് മാത്യു, രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, ജോഷി മാത്യു എന്നിവര്‍ കഥാപാത്രങ്ങളായി എത്തുമ്പോള്‍ നിര്‍മാതാവിന്റെ കുപ്പായം അണിഞ്ഞത് സംവിധായകന്‍ രഞ്ജിത്താണ്. വേണുവിന്റെ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഭാര്യയായ ബീന പോളാണ്. തനിമ ചോരാതെ ഓരോ രംഗവും ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധ വെച്ചിരിക്കുന്നു. സി കെ രാഘവന്റെ വാക്കുകള്‍ ഒന്നു കൂടി ഓര്‍മിക്കുന്നു: ‘ജീവിതം എന്നുവെച്ചാല്‍ എന്താ? മരണത്തിന് മുന്‍പേയുള്ള ഒരു വെപ്രാളം’.
പിന്‍കുറിപ്പ്: ചെന്നൈയിലെ പിവിആര്‍ സിനിമാസില്‍ ചിത്രം കാണാനെത്തുമ്പോള്‍ പ്രതീക്ഷകളൊന്നും വെച്ചിരുന്നില്ല. ചിത്രത്തിന്റെ താളം പിടിക്കാതെ ചില ന്യൂജെന്‍ പിള്ളേര്‍ പിറകിലിരുന്ന് അടിച്ച കമന്റുകള്‍ നിലച്ചത് പെട്ടെന്ന് ആയിരുന്നു. പിന്നെ തീയേറ്ററിലാകെ നിശബ്ദതയായിരുന്നു. പരസ്പരം നോക്കാനാവാതെ ശരീരത്തിലെ രോമങ്ങളെല്ലാം എഴുന്നു നില്‍ക്കുന്നത് വിശ്വസിക്കാനാകാതെ ഞാനും സുഹൃത്തും കൂടി തീയേറ്ററില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ സ്ത്രീജനങ്ങളൊന്നും സീറ്റ് വിട്ടിരുന്നില്ല. അത്രയ്ക്ക് വിഭ്രമിപ്പിച്ചിരുന്നു അവരെ ഈ സിനിമ, എന്നെയും.