മാത്യു മാഞ്ഞൂരാന്‍റെ 3 വര്‍ഷങ്ങള്‍, മോഹന്‍ലാലിന്‍റെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് !

ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (16:07 IST)
മാത്യു മാഞ്ഞൂരാന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് മൂന്ന് വയസ്. 2017 ഒക്‍ടോബര്‍ 27നായിരുന്നു ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘വില്ലന്‍’ റിലീസായത്. മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ അഭിനയമുഹൂര്‍ത്തങ്ങളില്‍ ചിലത് ഈ സിനിമയിലായിരുന്നു.

മാത്യു മാഞ്ഞൂരാന്‍ എന്ന പഴയ പൊലീസുകാരന്‍റെ ജീവിതത്തിലെ ദുരന്തങ്ങളും തിരിച്ചടികളുമായിരുന്നു ഈ സിനിമയുടെ ഹൈലൈറ്റ്. എന്നാല്‍ അതൊഴിച്ചുനിര്‍ത്തിയാല്‍ ഒരു തട്ടുപൊളിപ്പന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ തിരക്കഥയാണ് ഉണ്ണികൃഷ്ണന്‍ ഈ സിനിമയ്ക്കായി രചിച്ചത്. ഒരുപാട് കാര്യങ്ങള്‍ ഒരു സിനിമയില്‍ തന്നെ പറയാന്‍ ശ്രമിച്ചതാണ് വില്ലന്‍ ഒരു വലിയ വിജയമാകാന്‍ കഴിയാതെ പോയതിന് കാരണം.

മാഞ്ഞൂരാന്‍റെ ഭാര്യ നീലിമ എന്ന കഥാപാത്രമായി മഞ്ജു വാര്യരും മികച്ച പ്രകടനം കാഴ്ചവച്ചു. വിശാല്‍, ഹന്‍സിക മൊട്‌വാണി, റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങി ഏറെ താരമൂല്യമുള്ള അന്യഭാഷാ താരങ്ങളും വില്ലനില്‍ അഭിനയിച്ചിരുന്നു.

സുഷിന്‍ ശ്യാം പശ്ചാത്തലസംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങള്‍ 4 മ്യൂസിക്സിന്‍റേതായിരുന്നു. ‘കണ്ടിട്ടും കണ്ടിട്ടും...’ എന്ന ഗാനം സൂപ്പര്‍ഹിറ്റായി. മനോജ് പരമഹംസയും ഏകാംബരവും ചേര്‍ന്നായിരുന്നു ഛായാഗ്രഹണം. റോക്ക് ലൈന്‍ വെങ്കിടേഷായിരുന്നു വില്ലന്‍ നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :