സിനിമയില്‍ ജെ സി ഡാനിയല്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പൃഥ്വിരാജാണ്. ജെ സി ഡാനിയലിന്റെ രണ്ടുകാലഘട്ടങ്ങളിലെ കഥാപാത്രമായി പൃഥ്വിരാജിനെ സമര്‍ത്ഥമായി കമല്‍ അവതരിപ്പിച്ചിരിക്കുന്നു. കമലിന്റെ ശിഷ്യനായ ലാല്‍ജോസിന്റെ ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് ശേഷം തനിക്ക് ലഭിച്ച കഥാപാത്രത്തെ സാമാന്യം നന്നായി അവതരിപ്പിക്കാന്‍ പൃഥ്വിരാജിനായിട്ടുണ്ട്. ഫാന്‍സ് അസോസിയേഷനെ തൃപ്തിപ്പെടുത്തുന്ന അതിമാനുഷ കഥാപാത്രങ്ങളിലൂടെ മാത്രം ഒരു നടനും പിടിച്ചു നില്‍ക്കാനാവില്ലെന്ന് പൃഥ്വിരാജിനും ബോധ്യപ്പെടുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.
ജെ സി ഡാനിയലിന്റെ മരണ രംഗമടക്കം ഓര്‍മ്മിക്കത്തക്കതായ ഏതാനും രംഗങ്ങള്‍ പൃഥ്വിയുടേതായി സിനിമയിലുണ്ട്. എന്നാല്‍ ഡയലോഗ് ഡെലിവറിയുടെ കാര്യത്തില്‍ പൃഥ്വിരാജ് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. ജെ സി ഡാനിയലിന്റെ ഇളയ മകന് ഹാരിസ് ഡാനിയല്‍ എന്ന കഥാപാത്രത്തേയും പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ട്.
ജെ സി ഡാനിയേലിന്റെ ഭാര്യ ജാനറ്റായി മംമ്ത വേഷമിട്ടിരിക്കുന്നു. പി കെ റോസിയായി വേഷമിട്ട പുതുമുഖനടി ചാന്ദ്നി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. വിഗതകുമാരനിലെ നടനും മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ ‘മാര്‍ത്താണ്ഡവര്‍മ്മ’യുടെ സംവിധായകനുമായ ആര് സുന്ദര്രാജായി അഭിനയിച്ച ശ്രീജിത് രവിയാണ് എടുത്തു പറയേണ്ട മറ്റൊരു അഭിനേതാവ്. സുന്ദര്‍രാജിന്റെ വാര്‍ദ്ധക്യ ദശയിലുള്ള കഥാപാത്രമായി ശ്രീജിത്തിന്റെ അച്ഛനും പ്രശസ്ത നടനുമായ ടി ജി രവിയും എത്തുന്നുണ്ട്. ചേലങ്ങാട് ഗോപാലകൃഷ്ണനെന്ന കഥാപാത്രം ശ്രീനിവാസന്റെ കൈകളില്‍ ഭദ്രമാണ്. ദാദാ സാഹിബ് ഫാല്‍ക്കെ, പ്രശസ്ത തമിഴ് നടന് പി സുന്ദരയ്യ, വയലാര്‍ രാമവർമ്മ തുടങ്ങി പല പ്രശസ്ത വ്യക്തികളും സിനിമയിലെ കഥാപാത്രങ്ങളായി കടന്നു വരുന്നുണ്ട്.