അനീഷ് സി കരുണ്‍|
Last Updated:
വ്യാഴം, 13 ഓഗസ്റ്റ് 2015 (16:41 IST)
20 വര്‍ഷം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങുന്ന ഒരാള്‍ എത്രമാത്രം സുന്ദരനായിരിക്കണം? അതിന് എന്തെങ്കിലും മാനദണ്ഡമുണ്ടോ? ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തുന്നത് ഭാവിയിലെങ്കിലും നമ്മുടെ സംസ്ഥാന സിനിമാ അവാര്‍ഡ് ജൂറിക്ക് അതൊരു സഹായമായിരിക്കും.
‘മുന്നറിയിപ്പ്’ എന്ന സിനിമയിലെ ജയില്‍പ്പുള്ളിയായ സി കെ രാഘവന്റെ സൌന്ദര്യമാണ് ഇത്തവണ മമ്മൂട്ടിക്ക് ‘നല്ലനടന്‍’ കിട്ടാതെ പോയതിലെ പ്രധാന വില്ലന്‍. സൌന്ദര്യം ഒരു ശാപമായല്ലോ എന്ന് മമ്മൂട്ടിക്ക് ആദ്യമായി തോന്നിപ്പോകുന്നതും ഒരുപക്ഷേ ഇത്തരം അവാര്‍ഡ് പ്രഖ്യാപനവേളകളിലായിരിക്കാം.
ഇത്രയും വര്‍ഷം ജയിലില്‍ കിടന്ന് ഇറങ്ങിയ ഒരാള്‍ക്ക് ഇത്രയും സൌന്ദര്യമൊന്നും പാടില്ലെന്ന് ജൂറി വിധിച്ചപ്പോള്‍ മമ്മൂട്ടിക്ക് അര്‍ഹതപ്പെട്ട അവാര്‍ഡ് നഷ്ടമായി. എന്തായാലും അഭിനയമല്ല, സൌന്ദര്യമാണ് കാര്യമെന്ന് ജൂറി കണ്ടെത്തിയപ്പോള്‍ വികൃതമായത് അവരുടെ തന്നെ മുഖമാണ്. സിനിമ കാണുന്ന ഏത് കൊച്ചുകുട്ടിയും പറയും കഴിഞ്ഞ വര്‍ഷത്തെ ഒരു കഥാപാത്രവും സി കെ രാഘവന് മുന്നില്‍ നില്ക്കാന് കെല്‍പ്പുള്ളവരല്ല എന്ന്!
മുന്നറിയിപ്പിലെ സി കെ രാഘവന്റെ സൌന്ദര്യം മമ്മൂട്ടിക്ക് വിനയായപ്പോള്‍ പഴയൊരു കാര്യവും ഓര്‍ത്തുപോകുകയാണ്. അത് 1991ലെ സംസ്ഥാന അവാര്‍ഡാണ്. മികച്ച നടനായി മത്സരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലുമുണ്ട്. മമ്മൂട്ടിക്ക് പ്രധാനമായും ഉള്ളത് ‘അമരം’. ആ സിനിമ കണ്ടിട്ടുള്ളവര്‍ക്കറിയാം മമ്മൂട്ടി എന്താണ് ആ സിനിമയില്‍ ചെയ്തിട്ടുള്ളതെന്ന്.
വിസ്മയകരമായ ആ അഭിനയപ്രകടനം പക്ഷേ ജൂറി കണ്ടില്ല. അവര്‍ ശ്രദ്ധിച്ചത് മറ്റൊന്നാണ്. കടപ്പുറത്തെ ഒരു അരയന് ഇത്രയും സൌന്ദര്യം പാടുണ്ടോ? ഇല്ലെന്നായിരുന്നു ജൂറിയുടെ കണ്ടെത്തല്‍. ഫലമോ? അമരത്തിലെ അച്ചൂട്ടിക്ക് അവാര്‍ഡില്ല. പകരം കിട്ടിയത് മോഹന്‍ലാലിന്. കിലുക്കം, അഭിമന്യു, ഉള്ളടക്കം എന്നീ സിനിമകളിലെ പ്രകടനത്തിന്.
“വെളിച്ചത്തെ നിങ്ങള്‍ക്ക് മറച്ചുപിടിക്കാം, പക്ഷേ അതുകൊണ്ട് വെളിച്ചം ഇല്ലാതാകുന്നില്ലല്ലോ” - സി കെ രാഘവന്റെ തത്വശാസ്ത്രം തന്നെയാണ് ഇവിടെ പറയേണ്ടത്. അച്ചൂട്ടിയുടെയും രാഘവന്റെയുമൊന്നും തിളക്കം മറച്ചുപിടിക്കാന്‍ ഒരു ജൂറിയുടെയും കറുത്തകുടയ്ക്ക് കഴിയില്ല. രണ്ടുവ്യാഴവട്ടം കഴിഞ്ഞിട്ടും അച്ചൂട്ടിയുടെ സംഭാഷണങ്ങളും സ്വരത്തിലെ ഇടര്‍ച്ചയും പോലും ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അത് സംസ്ഥാന അവാര്‍ഡിന്റെ തഴമ്പുള്ളതുകൊണ്ടല്ല. ആ കഥാപാത്രത്തിന്റെയും അത് അവതരിപ്പിച്ച മഹാനടന്റെയും ജ്വലിക്കുന്ന പ്രഭകൊണ്ടാണ്.