ഏഴാം അറിവ്‌ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍

PRO
PRO
'ഗജിനി' എന്ന മെഗാഹിറ്റ്‌ ഒരുക്കിയ ടീം വീണ്ടും ഒന്നിച്ചുചേരുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമുയരുന്നതില്‍ അത്ഭുതപ്പെടാനില്ല. ഏഴാം അറിവിന്‌ ഏറ്റവും ദോഷം സൃഷ്ടിച്ചതും അതുതന്നെ. ഗജിനിക്കുമേലെ പ്രതീക്ഷിച്ചെത്തിയവര്‍ക്ക്‌ ഗജിനിയോളമെങ്കിലും നല്‍കാന്‍ സംവിധായകന്‍ ബാധ്യസ്ഥനാണ്‌. എന്നാല്‍ ആഖ്യാനത്തില്‍ ഗജിനിയേക്കാള്‍ ഒരുപാട്‌ താഴെയാണ്‌ ഏഴാം അറിവ്‌ കസേരയിട്ട്‌ ഇരിപ്പുറപ്പിക്കുന്നത്‌.

സാമാന്യ ലോജിക്കിന്‌ നിരക്കാത്ത ഒട്ടേറെ കാര്യങ്ങള്‍ കുത്തിനിറച്ച്‌, ഒരാവശ്യവുമില്ലാതെ ഗാനരംഗങ്ങള്‍ തിരുകി മുരുഗദോസ്‌ ഒരു ഉണ്ടാക്കിയിരിക്കുകയാണ്‌. ദഹിക്കാത്ത വിഷയത്തെ വിരസമാക്കി അവതരിപ്പിച്ചിരിക്കുന്നത്‌ കണ്ട്‌ മനസുമടുത്ത പ്രേക്ഷകന്‌ ഇരട്ട പ്രഹരമാണ്‌ അടിക്കടിയുള്ള ഗാനങ്ങള്‍. അതിലൊരെണ്ണം ചൈനീസ്‌ സോംഗാണ്‌. അതാണെങ്കില്‍ നമ്മുടെ 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' മാതിരിയൊന്ന്.

നോക്കുമര്‍മ്മവും ജൈവയുദ്ധവും ഡി എന്‍ എ ട്രാന്‍സ്‌പ്ലാന്റുമൊക്കെയായി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കഥ രണ്ടാം പകുതിയിലെത്തുമ്പോള്‍ ഏതൊരു ഏഴാം ക്ലാസുകാരനും പ്രവചിക്കാവുന്ന രീതിയിലേക്ക്‌ മാറുന്നു. രണ്ടാം പകുതി തുടങ്ങുമ്പോഴേ നമുക്കറിയാം ഈ വണ്ടി എവിടെ ഇടിച്ചുനില്‍ക്കുമെന്ന്. അവിടെത്തന്നെ നിന്നു. നോ ത്രില്‍, നോ സസ്പെന്‍സ്‌.

ഗജിനി വിജയിച്ചതിന്റെ പ്രധാന കാരണം കേന്ദ്ര കഥാപാത്രങ്ങളായ സഞ്ജയ്‌ രാമസ്വാമിയും കല്‍പ്പനയും തമ്മിലുള്ള പ്രണയരംഗങ്ങളും അതിലെ തമാശകളുമാണ്‌. ഏഴാം അറിവിലെ അരവിന്ദും ശുഭയും തമ്മില്‍ പ്രണയിക്കുന്നതുകണ്ടാല്‍ നമുക്ക്‌ ഓടിപ്പോകാന്‍ തോന്നും. ആരോ അവരെ നിര്‍ബന്ധിച്ച്‌ പ്രണയത്തില്‍ വീഴ്ത്തിയത്‌ പോലെ.

ഡോംഗ്‌ ലീയുടെ ഹിപ്‌നോട്ടിസം ട്രാക്കും ശുഭാ ശ്രീനിവാസന്റെ ശാസ്ത്ര വിവരണങ്ങളുമൊക്കെ പ്രേക്ഷകന്റെ തലയില്‍ ഏല്‍ക്കുന്ന അടിയാണ്‌. ഒടുവില്‍ യാതൊരു വികാരവും പ്രേക്ഷകരില്‍ സൃഷ്ടിക്കാതെ ചിത്രം അവസാനിക്കുന്നു. സിനിമയുടെ തുടക്കത്തില്‍ ആവേശം കൊണ്ട്‌ തുള്ളിച്ചാടിയ ഫാന്‍സ്‌ ചിത്രം തീരുമ്പോള്‍ ആര്‍ത്തലച്ച്‌ കൂവുന്നത്‌ കണ്ടു.

WEBDUNIA|
അടുത്ത പേജില്‍ - വേലായുധം വേണ്ടെങ്കില്‍ ഏഴാം അറിവ് കാണാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :