‘ധോള്‍’ ബോറടിപ്പിക്കുന്നു

dhol
FILEFILE
റീമേക്കുകളുടെ രാജാവായ പ്രിയദര്‍ശനാണ് ബോളീവുഡില്‍ നല്ല കോമഡികള്‍ കൊണ്ടു വന്നതെന്ന് ആരും സമ്മതിക്കും. മലയാളത്തില്‍ ഇറങ്ങിയ സ്വന്തം ഹിറ്റുകളും അന്യരുടെ ഹിറ്റുകളുമെല്ലാം ബോളീവുഡിലെ വിശാല കാന്‍‌വാസിലേക്കു വലിച്ചു നീട്ടിയ പ്രിയന് പക്ഷേ ഇത്തവണ ആളുകളെ കുപ്പിയിലിറക്കാനായില്ല. മലയാളികളെ അടിമുടി ഇളക്കിച്ചിരിപ്പിച്ച ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിദ്ധിഖ്‌-ലാല്‍ ചിത്രം ‘ധോള്‍’ എന്ന പേരിളാണ് പ്രിയന്‍ പുതിയതായി അവതരിപ്പിച്ചത്.

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പ്രിയന്‍ കണ്ടെത്തിയ പതിവു പാതകള്‍ പക്ഷേ ജനങ്ങള്‍ക്ക് വിരസതയുളവാക്കുന്നു. ഹേരിഭേരിയിലും ഹല്‍ച്ചലിലും ഹംഗാമയിലുമെല്ലാം പ്രിയന്‍ കാട്ടിയ തന്ത്രങ്ങളൊക്കെ പൂവാലന്‍‌മാരായ നാല്‍‌വര്‍ സംഘത്തിന്‍റെ കഥ പറയുന്ന ധോളിലും ആവര്‍ത്തിച്ചു.

ചിത്രത്തില്‍ നായക വേഷം ചെയ്‌‌ത തുഷാര്‍ കപൂര്‍-ഷര്‍മ്മന്‍ജോഷി-കുനാല്‍ കേമു-രജ്പാല്‍യാദവ്‌ സഖ്യത്തിന്‌ മുകേഷ്‌-ജഗദീഷ്‌-സിദ്ധിക്‌-അശോകന്‍ കുട്ടുകെട്ടിന്‍റെ നിഴല്‍പോലുമാകാന്‍ കഴിയുന്നില്ല എന്നതു തന്നെ ഏറ്റവും വലിയ പോരായ്‌മകളില്‍ ഒന്നാണ്. മലയാളി താരങ്ങളുടെ കോമഡി വഴക്കം മസില്‍മാന്‍മാരായ കുനാല്‍ കേമുവിലും തുഷാറിലും മറ്റും പ്രതീക്ഷിക്കാനുമാകില്ല. രാജ്പാല്‍ യാദവ്‌ ബോളിവുഡ്‌ ആരാധകരെ പക്ഷെ നിരാശരാക്കിയിട്ടില്ല.

ജീവിതത്തില്‍ പ്രത്യേക ലക്‍ഷ്യങ്ങളൊന്നുമില്ലാത്ത പൂവാലന്‍‌മാരായ നാല്‍വര്‍സംഘം. പണക്കാരാകാനുള്ള ഒരേ ഒരു കുറുക്കുവഴിയേ അവര്‍ക്ക്‌ അറിയാവു. ഒരു പണക്കാരി പെണ്‍കൊച്ചിനെ കെട്ടി സുഖമായി ജീവിക്കുക. തനുശ്രീ ദത്ത എത്തുന്നതോടെ അവളെ പ്രേമിച്ച്‌ കല്യാണം കഴിക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ ഒറ്റക്കും കൂട്ടായും മെനയുന്നു. അതിനിടെ ഉണ്ടാകുന്ന കുഴപ്പങ്ങളും ഗുലുമാലുകളുമാണ്‌ ചിത്രത്തിന്‍റെ പ്രമേയം.

കാരണം മുന്‍ പ്രിയന്‍ ചിത്രങ്ങളില്‍ കണ്ടതൊക്കെയാണ്‌ ധോളിലും കൃത്യനിഷ്ഠയോടെ ആവര്‍ത്തിക്കുന്നത്‌. ഒരോ ഷോട്ടിലും പ്രിയന്‍ ടച്ചുള്ള ചിത്രം അതുകൊണ്ട്‌ തന്നെയാണ്‌ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതും. ട്വന്‍റി 20യുടെ ആവേശത്തിനിടെ റിലീസ്‌ ചെയ്തതിനാല്‍ ചിത്രത്തിന്‌ വേണ്ട പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന്‌ മാത്രമല്ല ഏറെ പഴി കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്‌.

WEBDUNIA|
ആവര്‍ത്തന വിരസമായ രംഗങ്ങള്‍ ഒരുക്കി പ്രിയന്‍ ബോളിവുഡിനെ ഇപ്പോള്‍ ബോറടിപ്പിക്കുകയാണ്‌. ശത്രുക്കളെ സൗജന്യമായി കാണിക്കാവുന്ന മികച്ച സിനിമ എന്ന്‌ വേണമെങ്കില്‍ ധോളിനെ വിശേഷിപ്പിക്കാം. ‘മണിച്ചിത്രത്താഴി’ന്‍റെ പ്രിയന്‍പതിപ്പായ ‘ഭൂല്‍ ഭൂലയ്യ‌’ വരാനിരിക്കുന്നതേയുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :