‘നിവേദ്യം’ മുഷിപ്പിക്കുന്നു

nivedyam
FILEFILE
സിനിമാ കഥ നിര്‍മ്മിക്കുന്നതിലെ പെരുന്തച്ചനാണ് ലോഹിതദാസ്. എന്നാല്‍ സംവിധായകനെന്ന നിലയില്‍ താനൊരു സമ്പൂര്‍ണ്ണ പരാജയമാണെന്ന കാര്യം ഇതുവരെ മലയാള സിനിമയുടെ പ്രിയങ്കരനായ തിരക്കഥാ കൃത്ത് തിരിച്ചറിയുന്നില്ല. ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ പ്രതീഷ അര്‍പ്പിക്കാവുന്ന പു‍തുമുഖങ്ങളെ വച്ചു മുഷിപ്പിന്‍റെ രണ്ടര മണിക്കൂര്‍ തീത്തിരിക്കുകയാണ് ലോഹി.

‘തനിയാവര്‍ത്തന’ത്തിനും ‘കിരീടത്തി’നും ‘ഭരത’ത്തിനും തൂലിക ചലിപ്പിച്ച തിരക്കഥകൃത്തില്‍ നിന്‌ ഇതിലുമേറയെണ്‌ മലയാളി പ്രതീക്ഷിക്കുന്നത്‌. ഐതീഹ്യത്തിലെ രാധാ-കൃഷ്ണപ്രണയത്തിന്‌ അഭിനവഭാഷ്യം രചിക്കാനുള്ള ലോഹിയുടെ ശ്രമം എങ്ങുമെത്താതെ പോകുന്നു. ‘നിവേദ്യം’ പോലൊരു സിനിമ ചെയ്യാന്‍ ലോഹിതദാസ്‌ എന്ന തിരക്കഥാകൃത്തോ സംവിധായകനോ ആവശ്യമില്ല.

പ്രതാപശാലിയായ അച്ഛന്‍റെ മരണത്തിന്‌ ശേഷം കുടുംബം പുലര്‍ത്താന്‍ ആശാരിപണിക്ക്‌ ഇറങ്ങിയ നമ്പൂതിരിയായ നായകനായാണ്‌ മോഹന കൃഷ്ണന്‍. എല്ലാ നായകന്‍‌മാരെയും പോലെ മോഹനചന്ദ്രന്‍ ബഹുമിടുക്കനും ജാതിചിന്തകളില്ലാത്തവനും സത്‌ സ്വഭാവിയുമാണ്‌. സര്‍വ്വോപരി ഗായകനും.

സംഗീതം പഠിക്കാന്‍ കൈതപ്രത്തിന്‍റെ കത്തുമായി രാമവര്‍മ്മതമ്പുരാന്‍റെ അടുത്ത്‌ എത്തുന്ന മോഹനചന്ദ്രന്‌ കുടുംബക്ഷേത്രത്തിലെ ശാന്തിപണി കിട്ടുന്നു. ഒപ്പം ആ വലിയ കുടുംബത്തിലേത്‌ അടക്കം ധാരാളം ഗോപികമാരേയും. മോഹനകൃഷ്ണന്‍റെ വരവോടെ അമ്പലത്തില്‍ സ്ത്രീസാന്നിധ്യം ഏറുന്നു.

ഈ യുവാവിനെ ഒരു പറ്റം നായികമാരുടെ അടുത്തേക്ക്‌ എത്തിക്കാന്‍ സിനിമാപി‍ന്നണി പ്രവര്‍ത്തകരായ കൈതപ്രം ദാമോദരന്‍നമ്പൂതിരി, സിബി മലയില്‍ , എം ജയചന്ദ്രന്‍ എന്നിവരെ ലോഹിതദാസ്‌ ഉപയോഗിക്കുന്നു. സിനിമുടെ ആദ്യ പതിനഞ്ച്‌ മിനിറ്റും ഒരു പാട്ടും ഇതിനായി ചെലവഴിക്കുന്നു.

പരിശ്രമശാലിയായ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയാണ്‌ നായിക സത്യഭാമ. ഇളയതമ്പു‍രാനാല്‍ പിഴച്ചുപോയ കീഴ്ജാതിക്കാരിയുടെ സന്തതി. പപ്പടക്കാരിയായ സത്യഭാമയെന്ന കുപ്പയിലെ മാണിക്യത്തെ തന്നെ മറ്റ്‌ സുന്ദരികളെ തഴഞ്ഞ്‌ മോഹനകൃഷ്ണന്‍ പ്രേമിക്കുന്നു. അമ്പലത്തിലെ ശ്രീകൃഷ്ണ വിഗ്രഹത്തോട്‌ രാത്രികാലങ്ങളില്‍ ഉച്ചത്തില്‍ ആത്മഗതം നടത്തുമെന്നതാണ്‌ നായികയുടേയും നായകന്‍റേയും മറ്റൊരു പൊതു സ്വഭാവം.

മോഹനകൃഷ്ണന്‍റെ ഓടക്കുഴല്‍ വിളികേട്ട്‌ ഒഴുകിയെത്തുന്ന നായികക്കുംനായകനും രാത്രികളിലെ സംഗമവേദിയായി ക്ഷേത്രനടമാറുന്നു. ക്രൂരനായ വില്ലനില്‍ നിന്നും രക്ഷപ്പെടാനാണ്‌ നായിക ആദ്യം ക്ഷേത്രനടയില്‍ അഭയം പ്രാപി‍ക്കുന്നതെങ്കില്‍ പിന്നീട്‌ അത്‌ പ്രണയനാടകങ്ങള്‍ക്കാവുന്നു. സാക്ഷാല്‍ തമ്പു‍രാനും ഇക്കാര്യം അറിയാം.(വില്ലന്‍ വിരൂപനാകണമെന്നതിനാല്‍ ഒരു സുന്ദരനെപല്ല്‌ കറുപ്പിച്ച്‌ വിരൂപനാക്കി.)

എന്തിനധികം പറയുന്നു. നാട്ടുകാര്‍ ഇവരുടെ കള്ളക്കളി കണ്ടു പിടിക്കുന്നു. അടി , ബഹളം. നായകന്‍റെ സഹോദരിയെ വില്ലന്‍ തട്ടികൊണ്ടു പോകുന്നു. വില്ലനെ നായകന്‍ കൊല്ലുന്നു. ശുഭം.സിനിമ തീരുന്നതൊടൊപ്പം ലോഹിതദാസ്‌ എന്ന നല്ല തിരക്കഥാകൃത്തിന്‍റെ വിഗ്രഹവും ഉടയുന്നു.

അമ്മാവന്‍ സായ്കുമാറിന്‍റേയും അപ്പൂപ്പന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടേയും പിന്‍തുടര്‍ച്ച തനിക്ക്‌ അവകാശപ്പെടാമെന്ന്‌ മോഹനചന്ദ്രനെ അവതരിപ്പിച്ച വിനു മോഹന്‍ ആദ്യ ചിത്രത്തിലൂടെ തെളിയിച്ചു. ഗൗരവക്കാരിയാകേണ്ടി വരുമ്പോള്‍ പാളുന്നെങ്കിലും പ്ലസ്‌ വണ്‍കാരിയുടെ കൗമാരഭാവങ്ങള്‍ ഭാമക്ക്‌ ഇണങ്ങുന്നു.തമ്പുരാന്‍ വേഷത്തില്‍ ഭരത്ഗോപിയെയും ശാന്തിക്കാരനായ നെടുമുടിവേണുവിനേയും വേണ്ട വിധത്തില്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടില്ല. നഷ്ടപ്രണയം ഉള്ളിലൊതുക്കുന്ന തമ്പുരാന്‍റെ മകളെ അവതരിപ്പിച്ച അപര്‍ണ ലോഹിയുടെ കണ്ടെത്തലാണ്‌.

WEBDUNIA|
സംവിധായകന്‍ എന്ന നിലയില്‍ ലോഹിതദാസിന്‍റെ പതനം എന്നതിലപ്പുറം ലോഹിയുടെ ‘നിവേദ്യം’ ഒന്നുമില്ല. ബിച്ചുതിരുമലയുടെയും കൈതപ്രത്തിന്‍റെയും ലോഹിതദാസിന്‍റേയും വരികള്‍ക്ക്‌ എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ സിനിമക്ക്‌ ജീവന്‍ നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :