എ കെ ജി, ഷാജിക്ക് പാളിച്ച

FILEWD
എ കെ ജി എന്ന ഒരു മണിക്കൂര്‍ ഡോക്യൂ ഫിക്‍ഷന്‍ യഥാര്‍ത്ഥത്തില്‍ ഷാജി എന്‍ കരുണ്‍ എന്ന വിഖ്യാത സംവിധായകന് പറ്റിയ തെറ്റാണോ? ജനകീയം എന്ന പേരില്‍ പുറത്തിറക്കിയ സിനിമ ജന മനസ്സിനെ തൊടാതെ പോവുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് അഭ്രപാളികളിലേക്ക് ജീവന്‍ വച്ച് ഇറങ്ങിവരുമെന്ന ‘അമിത’ പ്രതീക്ഷയായിരുന്നു എ കെ ജി എന്ന സിനിമ നല്‍കിയിരുന്നത്. സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന ഈ സിനിമ ഗതകാലത്തെ അനുസ്മരിപ്പിക്കുന്നതില്‍ ഒരു വിജയം തന്നെയാണ്. എന്നാല്‍, ഷാജി എന്‍ കരുണ്‍ എന്ന സംവിധായകന്‍ സിനിമ ആസ്വാദനം എന്ന പ്രേക്ഷകരുടെ ആഗ്രഹത്തെ നിഷ്കരുണം തള്ളിക്കളയുകയാണ് ചെയ്തത്.

പാവങ്ങളുടെ പടത്തലവനായിരുന്ന എ കെ ജിയുടെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ പ്രേക്ഷകരുമായി പങ്ക് വയ്ക്കാന്‍ ഷാജിക്ക് കഴിഞ്ഞു. എന്നാല്‍, ഫിക്‍ഷന്‍റെ സ്ഥാനം യഥാവിധി നിര്‍വചിക്കാന്‍ അദ്ദേഹത്തിന് ആയിട്ടില്ല. അതിന്‍റെ ഫലമോ? സാധാരണ അനുവാചകര്‍ക്ക് ഒരു ജീവചരിത്ര ലേഖനത്തിന്‍റെ കൌതുകത്തിനപ്പുറം ഒന്നും നല്‍കുന്നില്ല.

‘പകരക്കാരുടെ’ സിനിമ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന എ കെ ജിയില്‍ താര നിരയെ അണിനിരത്താന്‍ ഷാജി ഒരു നീണ്ട കാല യത്നം നടത്തിയത് അംഗീകരിക്കാം. എന്നാല്‍, സിനിമ രൂപപ്പെട്ടപ്പോള്‍ തിരക്കഥയുടെ ശക്തി പരിശോധിക്കാന്‍ മുതിരാഞ്ഞത് ഇതിനെ അനുഭാവികള്‍ക്ക് മാത്രം രുചിക്കുന്ന സിനിമയായി മാറ്റി.

എ കെ ജി ആയി അഭിനയിച്ച പി ശ്രീകുമാര്‍ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തി. സുശീലാഗോപാലനായി രംഗത്ത് എത്തിയ അര്‍ച്ചനയുടെ പ്രകടനത്തിലും ഷാജിക്ക് അഭിമാനിക്കാം. പാര്‍ലമെന്‍റില്‍ ചിത്രീകരണാവസരം ലഭിച്ച ചിത്രമെന്ന ഖ്യാതിയും പിറവിയുടെ സംവിധായകന്‍റെ നാല് വര്‍ഷത്തെ പ്രയത്നവും ഡോക്യൂ-ഫിക്ഷന്‍ എന്ന നിലയില്‍ ഫലവത്തായില്ല എന്നത് ദു:ഖകരമാണ്.

FILEWD
എ കെ ജി എന്ന മഹദ് വ്യക്തിയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൊഴിഞ്ഞു വീണ ആ കാലഘട്ടങ്ങളെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ ചിത്രം നിരാശ നല്‍കില്ല. എന്നാല്‍, കേട്ടറിവിന്‍റെ അടിസ്ഥാനത്തില്‍, ഷാജിയുടെ സംവിധാന പെരുമയുടെ തായമ്പക മുഴങ്ങുന്നതിന്‍റെ പിന്നാലെ ചെല്ലുന്നവര്‍ക്ക് നിരാശ തന്നെയാവും ഫലം.


PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :