സിങ്കം 2 തകര്‍ത്തില്ലേ? ഇനി മലയാളത്തിലെ ‘സിങ്ക’ങ്ങളുടെ വരവ്!
PRO
1971ല്‍ പുറത്തിറങ്ങിയ ‘സീ ദി മാന്‍ റണ്‍’ എന്ന ഇംഗ്ലീഷ് ചിത്രം, 1979ല്‍ ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം ‘ദോ ലഡ്കേ ദോനോ കഡ്കേ’ എന്നിവ ഒരു മലയാള സിനിമയ്ക്ക് പ്രചോദനമായി. 1989ല്‍ ആ മലയാള ചിത്രം പുറത്തിറങ്ങിയപ്പോള്‍ അത് ചരിത്രവിജയവുമായി. സിദ്ദിക്ക്-ലാല്‍ സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞുവന്നത്.
മലയാളത്തില്‍ സിദ്ദിക്ക്-ലാല്‍ തരംഗത്തിന് തുടക്കം കുറിച്ച റാംജിറാവു സ്പീക്കിംഗ്, തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ പ്രശ്നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചപ്പോള്‍ മലയാളത്തില്‍ കോമഡി സിനിമകളുടെ കുത്തൊഴുക്കിന് കൂടിയാണ് തുടക്കമായത്. ഇന്നസെന്‍റ്, സായികുമാര്‍, മുകേഷ്, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു റാംജിറാവുവിലെ പ്രധാന താരങ്ങള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ എന്ന പേരില്‍ ആ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടായി. സംവിധായകന്‍റെ സ്ഥാനത്ത് മാണി സി കാപ്പന്‍റെ പേരാണ് ക്രെഡിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നതെങ്കിലും സിദ്ദിക്ക് ആണ് ആ ചിത്രം സംവിധാനം ചെയ്തത്. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്‍റെ ‘വെര്‍ട്ടിഗോ’ ആണ് മാന്നാര്‍ മത്തായി എന്ന സിനിമയ്ക്ക് പ്രചോദനമായത്. മാന്നാര്‍ മത്തായിയും മെഗാഹിറ്റായി.
ഇപ്പോഴിതാ, റാംജിറാവുവിന്‍റെ മൂന്നാം ഭാഗത്തിന് കളമൊരുങ്ങുകയാണ്. പ്രശസ്ത സംവിധായകന്‍ മമാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇന്നസെന്‍റും മുകേഷും സായികുമാറും വിജയരാഘവനും തന്നെ ഈ സിനിമയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമാസ് ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാജോലികളുമായി തിരക്കിലാണ്.
പാപ്പി അപ്പച്ചാ, സിനിമാ കമ്പനി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മമാസിന് പുതിയ സംരംഭം വെല്ലുവിളികള്‍ നിറഞ്ഞതാണ്. റാംജിറാവുവിനെപ്പോലെ, മാന്നാര്‍ മത്തായിയെപ്പോലെ മൂന്നാം ഭാഗവും വലിയ ഹിറ്റാക്കുക എന്നതുതന്നെ ഏറ്റവും വലിയ വെല്ലുവിളി.
WEBDUNIA|
അടുത്ത പേജില്‍ - അവന്‍ വരുന്നു, എല്ലാം കീഴടക്കാന്‍!