വിയറ്റ്‌നാം കോളനി ഹിന്ദിയിലേക്ക്, സിദ്ദിക്കിന് അടുത്ത വര്‍ഷം മമ്മൂട്ടിപ്പടം!
WEBDUNIA|
PRO
ബോഡിഗാര്‍ഡിലൂടെ മലയാളി സംവിധായകന്‍ സിദ്ദിക്ക് ബോളിവുഡിലെ ഒന്നാം നമ്പര്‍ സംവിധായക നിരയിലേക്കാണ് എത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ 100 കോടി കളക്ഷന്‍ നേടി ചരിത്രം രചിച്ച സിദ്ദിക്ക് മാജിക് എന്താണെന്നറിയാല്‍ ചില സംവിധായകര്‍ സിദ്ദിക്കിന്‍റെ വിജയരഹസ്യത്തെക്കുറിച്ച് ഗവേഷണം നടത്തിയെന്നുപോലും ബോളിവുഡ് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
മലയാളത്തില്‍ ‘ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍’ ഹിറ്റാക്കിയതിന് ശേഷം തന്‍റെ പുതിയ ഹിന്ദി പ്രൊജക്ടിന്‍റെ പണിപ്പുരയിലാണ് സിദ്ദിക്ക്. ജോണ്‍ ഏബ്രഹാം നായകനാകുന്ന ഈ സിനിമ ‘വിയറ്റ്നാം കോളനി’ എന്ന മെഗാഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റീമേക്കാണെന്ന് അറിയുന്നു. സിംഗ് ഈസ് കിംഗ്, കഹാനി തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയെഴുതിയ മലയാളി തിരക്കഥാകൃത്ത് സുരേഷ് നായര്‍ പുതിയ ചിത്രത്തിന്‍റെ തിരക്കഥാ രചനയില്‍ സിദ്ദിക്കിനെ സഹായിക്കുന്നു.
ശ്യാം ബജാജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഗാനങ്ങളുടെ കമ്പോസിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രൊജക്ടിന് ശേഷം ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ തമിഴില്‍ എടുക്കാനും പദ്ധതിയുണ്ട്. അതേസമയം, അടുത്ത വര്‍ഷം ഒരു മലയാളം പടത്തിനും സിദ്ദിക്ക് ഒരുങ്ങുകയാണ്.
ഇത്തവണ മമ്മൂട്ടിച്ചിത്രമാണ് സിദ്ദിക്ക് ചെയ്യുന്നത്. ഹിറ്റ്ലര്‍, ക്രോണിക് ബാച്ച്‌ലര്‍ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം സിദ്ദിക്കും മമ്മൂട്ടിയും ഒത്തുചേരുന്നു, മമ്മൂട്ടി തന്നെയായിരിക്കും ഈ സിനിമ നിര്‍മ്മിക്കുക.