വിക്രം, നയന്‍താര ടീമിന്‍റെ ‘ഇരുമുഖന്‍’ - എല്ലാ വിവരങ്ങളും ഇവിടെ അറിയാം !
വിക്രം ചിത്രം ഇരുമുഖന്‍ - ഒരു ജയിംസ് ബോണ്ട് ലെവല്‍ പടം!
Last Modified ചൊവ്വ, 19 ജൂലൈ 2016 (13:31 IST)
ചിയാന്‍ വിക്രം ഒരു സിനിമയില്‍ കരാറൊപ്പിടുമ്പോള്‍ മുതല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു. തന്‍റെ സിനിമയ്ക്ക് ഏറ്റവും ആദ്യം വേണ്ടത് ഒരു അതിഗംഭീര തിരക്കഥയാണെന്ന് നിര്‍ബന്ധം പിടിക്കുന്ന വിക്രം തനിക്ക് കിട്ടുന്ന കഥാപാത്രത്തെ സംവിധായകന്‍ ഉദ്ദേശിക്കുന്നതിന്‍റെ പത്തിരട്ടി നന്നാക്കാനായി അധ്വാനിക്കുന്ന നായകനാണ്. അതുകൊണ്ടുതന്നെയാണ് തമിഴ് സിനിമയില്‍ വിക്രമിന് ഒരു പ്രത്യേക സ്ഥാനമുള്ളത്.
വിക്രമിന്‍റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും പ്രേക്ഷകര്‍ അദ്ദേഹത്തിന്‍റെ സിനിമകള്‍ക്കായി കാത്തിരിക്കുന്നതും അദ്ദേഹത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന വ്യത്യസ്തത ആഗ്രഹിച്ചാണ്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇരുമുഖന്‍’ എന്ന സിനിമയാണ് വിക്രമിന്‍റേതായി അടുത്ത് തിയേറ്ററുകളിലെത്താനുള്ളത്.
ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തില്‍ നയന്‍താരയാണ് നായികയാകുന്നത്. വിക്രമിന്‍റെ നായികയായി നയന്‍സ് ആദ്യമായാണ് അഭിനയിക്കുന്നത്. ‘അരിമനമ്പി’ എന്ന ആദ്യ ചിത്രം തന്നെ മെഗാഹിറ്റാക്കിയ ആനന്ദ് ശങ്കറിന്‍റെ ‘ഇരുമുഖന്‍’ പൂര്‍ണമായും ഒരു ആക്ഷന്‍ സ്പൈ ത്രില്ലറാണ്.
ഡബിള്‍ റോളാണ് ഈ ചിത്രത്തില്‍ വിക്രമിനുള്ളത്. റോ ഏജന്‍റായും മൂന്നാം ലിംഗത്തില്‍ പെട്ട വില്ലനായും വിക്രം എത്തുന്നു. മലേഷ്യയിലും തായ്‌ലന്‍ഡിലുമാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. കശ്മീരും ചെന്നൈയും സിനിമയുടെ ലൊക്കേഷനുകളാണ്.
അതീവ ഗ്ലാമറസായാണ് ഇരുമുഖനില്‍ നയന്‍താര അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ ‘ഹലെന’ എന്ന ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഗംഭീര സ്വീകരണമാണ് ഈ സോംഗ് ടീസറിന് ലഭിച്ചത്.
മുഖത്ത് മാസ്കും വച്ച് നില്‍ക്കുന്ന വിക്രമിന്‍റെ പോസ്റ്റര്‍ ഇതൊരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണോ എന്ന് സംശയമുണര്‍ത്തിയിരുന്നു. എന്നാല്‍ സയന്‍സ് ഫിക്ഷന്‍ പാറ്റേണില്‍ ചിത്രത്തിലെ ഒരു ഭാഗം ചിത്രീകരിച്ചിട്ടുണ്ടെന്നും ഇരുമുഖന്‍ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയല്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.
ഒരു ജയിംസ് ബോണ്ട് ചിത്രം കാണുന്ന ആവേശത്തോടെ ഇരുമുഖന്‍ കണ്ടുതീര്‍ക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നത്. ആക്ഷന്‍ ത്രില്ലറിന്‍റെ ആരാധകരായ പ്രേക്ഷകര്‍ക്ക് ആവോളം ആസ്വദിക്കാനുള്ള വക ഈ സിനിമയിലുണ്ടാകും. ആര്‍ ഡി രാജശേഖറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
ഇരുമുഖന്‍റെ കഥയുടെ ഏതാനും ഭാഗങ്ങള്‍ കേട്ടപ്പോല്‍ തന്നെ വിക്രം ഈ പ്രൊജക്ടിനായി സമ്മതം മൂളുകയായിരുന്നു. ഈ സിനിമയുടെ സാധ്യതകള്‍ മനസിലാക്കിയ താരം അപ്പോള്‍ തന്നെ ആനന്ദ് ശങ്കറിന് കൈകൊടുത്തു.
ചിത്രത്തിന് സ്റ്റണ്ട് കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് രവിവര്‍മയാണ്. നിരവധി സല്‍മാന്‍ ഖാന്‍ സിനിമകളുടെയും ഇപ്പോള്‍ ഷാരുഖിന്‍റെ റായീസിന്‍റെയും ആക്ഷന്‍ സംവിധാനം രവിവര്‍മയായിരുന്നു.
അന്താരാഷ്ട്ര നിലവാരത്തിലാണ് ഇരുമുഖനിലെ ആക്ഷന്‍ സീനുകള്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിസാഹസികമായ ഒട്ടേറെ രംഗങ്ങളില്‍ ഡ്യൂപ്പിന്‍റെ സഹായമില്ലാതെയാണ് വിക്രം അഭിനയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ ഒന്നിന് ഇരുമുഖന്‍ റിലീസ് ചെയ്യും. ഓഗസ്റ്റ് രണ്ടിനാണ് ട്രെയിലര്‍ റിലീസ്. ട്രെയിലര്‍ തന്നെ ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് വിക്രമിന്‍റെയും നയന്‍സിന്‍റെയും ആരാധകര്‍.
നിത്യാ മേനോന്‍, കരുണാകരന്‍, തമ്പി രാമയ്യ തുടങ്ങിയവരും ഇരുമുഖനിലെ പ്രധാന താരങ്ങളാണ്. ഹാരിസ് ജയരാജാണ് സംഗീതം.