തീവ്രവാദികളുടെ ക്രൂരതകളില്‍ വിഷമിക്കുന്ന ‘സാധാരണക്കാരിലൊരുവന്’ (ദ കോമണ്‍ മാന്‍) സഹികെട്ട് സര്‍ക്കാരിനെയും പൊലീസിനെയും വെല്ലുവിളിക്കുന്നതാണ് ‘എ വെനസ്ഡേ’ എന്ന സിനിമയുടെ കഥാതന്തു. നീരജ് പാണ്ഡേയുടെ ആദ്യ സംവിധാന സംരംഭമായ ‘എ വെനസ്ഡേ’ സിനിമാ നിരൂപകരുടെ പ്രശംസയും തരക്കേടില്ലാത്ത സാമ്പത്തിക വിജയവും നേടിയെടുത്ത സിനിമയാണ്.
ജയിലില്‍ കഴിയുന്ന തീവ്രവാദി നേതാക്കളെ തീവ്രവാദിയാണെന്ന് അഭിനയിച്ച് പുറത്തുകൊണ്ടുവന്ന് എന്നന്നേക്കുമായി നശിപ്പിക്കാനുള്ള പദ്ധതിയാണ് നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിനുള്ളത്. പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന തീവ്രവാദി നേതാവിനെ പിടിക്കാനുള്ള തത്രപ്പാടില്‍ അനുപം ഖേറിന്റെ പ്രകാശ് റാത്തോഡ് എന്ന പൊലീസ് കമ്മീഷണര്‍.
സര്‍ക്കാരിനോടും പൊലീസിനോടും വിലപേശി നസറുദ്ദീന്‍ ഷായുടെ കഥാപാത്രം ജയിലിന് വെളിയില്‍ കൊണ്ടുവരുന്ന എല്ലാ തീവ്രവാദികളെയും ഇല്ലായ്മ ചെയ്യാന്‍ ‘സാധാരണക്കാരിലൊരുവന്’ കഴിയുന്നു. ഒടുവിലത്തെ തീവ്രവാദിയെ അവസാനിപ്പിക്കാന്‍ ഒരു മുസ്ലീം പൊലീസ് ഓഫീസറുടെ സേവനവും നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന് കിട്ടുന്നു.
സിനിമയുടെ അവസാനം, ഒഴിഞ്ഞ ഒരു കെട്ടിടത്തിന് താഴെ പ്രകാശ് റാത്തോഡിനെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന്.