പ്രഭാകരനാവുമോ മോഹന്‍ലാല്‍‍?

മോഹന്‍ലാല്‍
WDWD
കൊല്ലപ്പെട്ട എല്‍.ടി.ടി.ഇ മേധാവി പ്രഭാകരന്റെ കഥ സിനിമയാവുമ്പോള്‍ മലയാള സിനിമയുടെ അഭിമാനമായ മോഹന്‍ലാല്‍ നായകനായി അഭിനയിച്ചേക്കുമെന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രം. പ്രസിദ്ധനായ ഒരു സംവിധായകനാണ് ഈ പ്രൊജക്റ്റിനെ കുറിച്ച് ആലോചിക്കുന്നത്. മോഹന്‍ലാല്‍, പ്രകാശ്‌രാജ്, പശുപതി, നാനാ പടേക്കര്‍ തുടങ്ങി ഒരുപിടി നടന്മാരെ ഈ റോളിലേക്ക് പരിഗണിച്ച് വരുന്നുണ്ടെത്രെ. എന്നാല്‍ ലാലിനാണ് മറ്റാരേക്കാളും പ്രഭാകരനോട് സാമ്യം. സംവിധായകനാരാണെന്ന് ദിനപത്രം പറയുന്നില്ല.

പ്രഭാകരന്റെ ജീവിതകഥ സിനിമയാവുമ്പോള്‍ നായകനായി അഭിനയിക്കാന്‍ തന്നെ ഒരു പ്രശസ്ത സംവിധായകന്‍ സമീപിച്ചിരുന്നുവെന്ന് പ്രകാശ്‌രാജ് അടുത്തിടെ ബാംഗ്ലൂരില്‍ വച്ച് പറഞ്ഞിരുന്നു. എന്നാല്‍ ചെന്നൈയില്‍ എത്തിയ പ്രകാശ്‌രാജിനോട് ഇതെപ്പറ്റി ചോദിച്ചപ്പോള്‍ എല്‍.ടി.ടി.ഇ നേതാവിനെ അവതരിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി.

മണി രത്നം, രാം ഗോപാല്‍ വര്‍മ തുടങ്ങിയവരെപ്പോലെ പ്രശസ്തരായ സംവിധായകരാണ് പ്രഭാകരന്‍ പ്രൊജക്റ്റ് ചെയ്യുന്നതെങ്കില്‍ മോഹന്‍ലാല്‍ അഭിനയിച്ചേക്കുമെന്ന് ലാലിനോട് അടുത്ത ബന്ധമുള്ളവര്‍ പറഞ്ഞതായും ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്സിനിമയിലെ ഐതിഹാസിക നായകനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.ജി. രാമചന്ദ്രനെ ഗംഭീരമായി അഭിനയിച്ച് ഫലിപ്പിച്ച നടനും കൂടിയാണ് ലാല്‍.

ഇതിനിടെ, രാജീവ് ഗാന്ധി വധവുമായി ബന്ധമുണ്ടായിരുന്ന ശിവരസന്‍, ശുഭ എന്നീ തീവ്രവാദികളുടെ, ദൌത്യസേനയാല്‍ കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങള്‍ കന്നഡ സംവിധായകന്‍ എ‌എം‌ആര്‍ രമേഷ് സിനിമയാക്കിയിരുന്നു. പ്രഭാകരന്റെ ജീവിതകഥയും രമേഷ് സിനിമയാക്കാന്‍ ഒരുങ്ങുകയാണ്. പ്രഭാകരനെ രക്തസാക്ഷിയോ തീവ്രവാദിയോ ആയി ചിത്രീകരിക്കാതെ, പച്ച മനുഷ്യനായി ചിത്രീകരിക്കാനാണ് തന്റെ പ്ലാനെന്ന് രമേഷ് പറയുന്നു.

WEBDUNIA|
ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവനും തമിഴ് ഈഴവുമായി ബന്ധപ്പെട്ട ഒരു സിനിമയെടുക്കാന്‍ ഒരുങ്ങുന്നുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരിക്കും ഈ സിനിമ. ഇതിലും എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്‍ ഒരു കഥാപാത്രമായി വരുന്നുണ്ട്. ഒരു ചാവേര്‍ തീവ്രവാദിയെ പറ്റി ‘തീവ്രവാദി’ എന്ന പേരില്‍ ഒരു സിനിമയെടുത്തിട്ടുണ്ട് സന്തോഷ് ശിവന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :