പുലികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

കൊളംബോ| WEBDUNIA|
പരാജയം ആസന്നമായ സാഹചര്യത്തില്‍ എല്‍ടിടി‌ഇ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുദ്ധ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന തമിഴ് വംശജര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നാണ് പുലികള്‍ നല്‍കുന്ന വിശദീകരണം. എല്‍ടിടി‌ഇ അനുകൂല വെബ്സൈറ്റായ തമിഴ് നെറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് വെടിര്‍ത്തല്‍ പ്രഖ്യാപിച്ചതായി പുലികള്‍ അറിയിച്ചത്. പുലികളുടെ രാഷ്ട്രീയ വിഭാഗമാണ് പ്രസ്താവന പുറത്തുവിട്ടത്.

ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വെടിനിര്‍ത്തുന്നതെന്നും വെബ്സൈറ്റില്‍ പറയുന്നു. ശ്രീലങ്കയിലെ തമിഴ് ജനതയുടെ ദുരിതം കണക്കിലെടുത്ത് എല്‍ടിടിഇ നടത്തുന്ന എല്ലാ സൈനിക നടപടികളും നിര്‍ത്തിവയ്ക്കുകയാ‍ണ്. വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്നിന്‍റെയും ഇന്ത്യയുടേയും അമേരിക്കയുടേയും അഭ്യര്‍ഥന തങ്ങള്‍ മാനിക്കുന്നു എന്നും പ്രസ്താവനയിലുണ്ട്.

തമിഴ് ജനതയുടെ മോചനത്തിനായി ലങ്കന്‍ സര്‍ക്കാരും വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് പുലികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ശ്രീലങ്കന്‍ സര്‍ക്കാരില്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന അഭ്യര്‍ത്ഥനയും പ്രസ്താവനയിലുണ്ട്. അതേസമയം, വെടിനിര്‍ത്തന്‍ പ്രഖ്യാപിക്കണമെന്ന തമിഴ്‌ പുലികളുടെ ആവശ്യം ശ്രീലങ്കന്‍ സര്‍ക്കാര്‍ തള്ളി. പുലികള്‍ ആയുധം വച്ചു കീഴടങ്ങണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സൈന്യം പുലികളുടെ അവസാന താവളമായ വല്യാര്‍മഠം ആറുകിലോമീറ്റര്‍ ചുറ്റളവില്‍ വളഞ്ഞതോടെയാണ് പുലികള്‍ വെടിനിര്‍ത്തലിന് തയ്യാറായതെന്നാണ് സൂചന. അവസാന കേന്ദ്രവും സൈന്യം വളഞ്ഞതോടെ കീഴടങ്ങുകയോ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയോ മാത്രമേ പുലികള്‍ക്ക് മുന്നില്‍ അവശേഷിച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ വെടിനിര്‍ത്തലിന് പുലികളെ പ്രേരിപ്പിച്ചിരിക്കുന്നത്.

അതേസമയം കൂടുതല്‍ എല്‍ ടി ടി ഇ പ്രവര്‍ത്തകര്‍ കീഴടങ്ങിയതായി സൈന്യം അറിയിച്ചു. ഞായറാഴ്ച രാവിലെ 23 പുലികള്‍ ആയുധം വച്ച് കീഴടങ്ങിയതായും 12 പുലികളെ വധിച്ചതായും സൈനിക വക്താവ് ബ്രിഗേഡിയര്‍ ഉദയ നയനക്കര അറിയിച്ചു. മൂന്ന് ദിവസം മുന്‍പ് പുലികളുടെ രണ്ട് പ്രധാന നേതാക്കളായ ദയാ മാസ്റ്ററും സൂസൈയും കീഴടങ്ങിയിരുന്നു.

കനത്ത നാശമാണ് പുലികളുടെ ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച പുലികളുടെ മൂന്ന് ബോട്ട് ശ്രീലങ്കന്‍ നേവി മുക്കിയതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. പ്രഭാകരന്‍റെ ജനന സര്‍ട്ടിഫിക്കറ്റ്, ജാതകം, പ്രഭാകരന്‍റേയും മകന്‍റേയും ആല്‍ബങ്ങള്‍ എന്നിവ കണ്ടെടുത്തതായും സൈന്യം അറിയിച്ചു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യവും ലങ്കന്‍ സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ ഹുമാനിറ്റേറിയന്‍ അഫയേഴ്സ്‌ അണ്ടര്‍ സെക്രട്ടറി ജോണ്‍ ഹോംസ്‌ ആണ്‌ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കൊളംബോയില്‍ എത്തിയിട്ടുണ്ട്. മൂന്നാം കക്ഷിക്ക് മുന്നില്‍ കീഴടങ്ങാന്‍ എല്‍ടിടി‌ഇയെ അനുവദിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശവും സര്‍ക്കാര്‍ നിഷേധിച്ചു. അവസാന വിജയം നേടുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രസിഡന്‍റ് മഹിന്ദ രാജപക്സെ വ്യക്തമാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :