നരേന് വില്ലനായാല്‍ എങ്ങനെയുണ്ടാകും? തമിഴ് ചിത്രം ‘അഞ്ചാതെ’യില്‍ നമ്മള്‍ നരേന്‍റെ വില്ലത്തരം കുറച്ചു കണ്ടതാണ്. അതല്ലാതെ, നരേന്‍ എന്ന നടനെ വളരെ സോഫ്ടായ, പക്വതയുള്ള കഥാപാത്രങ്ങളിലാണ് കണ്ടിട്ടുള്ളത്. എന്നാല്‍ വരാനിരിക്കുന്ന ‘മുഖംമൂടി’ എന്ന തമിഴ് ചിത്രത്തിലൂടെ കഥ മാറുകയാണ്.
രക്തം മരവിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വില്ലനാണ് ഈ ചിത്രത്തില്‍ നരേന്‍. മലയാള, തമിഴ് സിനിമാലോകങ്ങള്‍ക്ക് പരിചയമുള്ള നരേന്‍റെ ഇമേജ് ഉടച്ചുവാര്‍ക്കുന്ന ചിത്രമായിരിക്കും മുഖംമൂടി. മിഷ്കിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായകന്‍ ജീവയാണ്. ഒരു സൂപ്പര്‍ ഹീറോയുടേയും അയാള്‍ക്ക് നേരിടേണ്ടിവരുന്ന ദുഷ്ടശക്തികളുടെയും കഥയാണ് ഈ സിനിമ പറയുന്നത്.
“ഇത്രയും ഭീകരനായ ഒരു വില്ലനെ അവതരിപ്പിക്കേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. സമാനതകളില്ലാത്ത കഥാപാത്രമാണിത്. പൂര്‍ണമായും ഒരു നെഗറ്റീവ് കഥാപാത്രം. എനിക്കിത് ഒരു പുതിയ അനുഭവമാണ്” - മുഖംമൂടിയിലെ വില്ലന്‍ വേഷത്തെക്കുറിച്ച് നരേന്‍ വ്യക്തമാക്കുന്നു.
രാത്രികളില്‍ മാത്രം ഇറങ്ങിനടക്കുന്ന, ആയോധനമുറകളില്‍ അതിപ്രഗത്ഭനായ വില്ലന്‍ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ നരേന്‍ അവതരിപ്പിക്കുന്നത്. മുഖംമൂടിക്കുവേണ്ടി ആറുമാസത്തിലധികം നരേന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അഭ്യസിച്ചു. സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മുഖംമൂടിയില്‍ അഭിനയിക്കുന്നതിനിടെയും ആയോധന പരിശീലനത്തിനിടെയും നരേന് പലതവണ പരുക്കേറ്റിരുന്നു.
യു ടി വി മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന മുഖംമൂടി ഓഗസ്റ്റ് 31നാണ് റിലീസ് ചെയ്യുന്നത്. തെലുങ്കില്‍ ‘മാസ്ക്’ എന്ന പേരില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.