രഞ്ജിത്തും ആഷിക് അബുവും അഭിനയിക്കും, പക്ഷേ ഫഹദാണ് നായകന്‍!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
അഭിനയത്തില്‍ മുന്‍ പരിചയമുണ്ട് സംവിധായകന്‍ രഞ്ജിത്തിന്. അദ്ദേഹം ഗുല്‍മോഹര്‍ എന്ന ചിത്രത്തില്‍ നായകനായിരുന്നു. തിരക്കഥ, ബെസ്റ്റ് ആക്ടര്‍ പോലുള്ള ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലും രഞ്ജിത് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സംവിധായകന്‍ ആഷിക് അബുവിന്‍റെ കാര്യം അങ്ങനെയല്ല. അദ്ദേഹം ഇതുവരെ ക്യാമറയ്ക്ക് പിന്നിലേ നിന്നിട്ടുള്ളൂ.

പുതിയ വാര്‍ത്ത, രഞ്ജിത്തും ആഷിക് അബുവും ഒരു ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. എന്നാല്‍ ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. നായിക നമിതാ പ്രമോദും. ഛായാഗ്രാഹകന്‍ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന ‘അന്നയും റസൂലും’ എന്ന ചിത്രത്തിലാണ് ഈ അപൂര്‍വമായ കൂടിച്ചേരല്‍.

സന്തോഷ് ഏച്ചിക്കാനം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. മധു നീലകണ്ഠനാണ് ക്യാമറ. ഡി കട്ട്‌സ് എന്‍റര്‍ടെയ്‌ന്‍‌മെന്‍റിന്‍റെ ബാനറില്‍ വിനോദ് വിജയനും സെവന്‍ ആര്‍ട്‌സ് മോഹനും ചേര്‍ന്നാണ് ‘അന്നയും റസൂലും’ നിര്‍മ്മിക്കുന്നത്.

മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയശേഷം ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. നായികയായ നമിതാ പ്രമോദ് ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തിലും അഭിനയിച്ചുവരികയാണ്.

വാല്‍ക്കഷണം: രാജീവ് രവി ദേശീയതലത്തില്‍ ഏറെ പ്രശസ്തനായ ക്യാമറാമാനാണ്. ചാന്ദ്‌നി ബാര്‍, ദേവ് ഡി, മുംബൈ കട്ടിംഗ്, ഗ്യാംഗ്സ് ഓഫ് വസിപൂര്‍, നോ സ്മോക്കിംഗ്, ഗുലാല്‍, ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ് തുടങ്ങിയ ഹിന്ദിച്ചിത്രങ്ങള്‍ക്ക് രാജീവാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. മലയാളത്തില്‍ ശേഷം, അന്യര്‍, ചക്രം, രസികന്‍, ക്ലാസ്മേറ്റ്സ്, സീതാ കല്യാണം, ഇവന്‍ മേഘരൂപന്‍ തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചെയ്തിട്ടുണ്ട്. നടിയും സംവിധായികയുമായ ഗീതു മോഹന്‍‌ദാസാ‍ണ് രാജീവ് രവിയുടെ ഭാര്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :