Last Modified വെള്ളി, 31 ജൂലൈ 2015 (16:09 IST)
അധോലോകത്തിന്‍റെ കഥകളാണ് രാം ഗോപാല്‍ വര്‍മയെ എന്നും ആകര്‍ഷിച്ചിട്ടുള്ളത്. ഇന്ത്യന്‍ സിനിമയില്‍ എണ്ണംപറഞ്ഞ ചില അധോലോകചിത്രങ്ങള്‍ രാമുവിന്‍റേതാണുതാനും. സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങിയവ ഏറ്റവും നല്ല ഉദാഹരണങ്ങള്‍. എന്തായാലും ഇനി ബാംഗ്ലൂര്‍ അധോലോകത്തിന്‍റെ കഥ പറയാനാണ് രാം ഗോപാല്‍ വര്‍മ ഒരുങ്ങുന്നത്.
‘അപ്പാ - ദി ഫാദര്‍ ഓഫ് ഓള്‍ ഗോഡ്ഫാദേഴ്സ്’ എന്ന സിനിമയിലൂടെ ബാംഗ്ലൂര്‍ അധോലോകത്തെ അതികായനായ മുത്തപ്പ റായിയുടെ ജീവിതകഥ പറയാനാണ് രാമു ശ്രമിക്കുന്നത്. വീരപ്പന്‍റെ ജീവിതകഥയായ ‘കില്ലിംഗ് വീരപ്പന്‍’ പൂര്‍ത്തായാലുടന്‍ ‘അപ്പാ’യുടെ ഷൂട്ടിംഗ് തുടങ്ങാനാണ് രാമു ആലോചിക്കുന്നത്.
ഡി കമ്പനിയേക്കാള്‍ വലിയ അധോലോകപ്രവര്‍ത്തനങ്ങളാണ് ബി കമ്പനിയില്‍ നടക്കുന്നതെന്നും ഇന്ത്യയിലെ യഥാര്‍ത്ഥ അധോലോകം ബാംഗ്ലൂരിലേതാണെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു. അധോലോകത്തെ ബാഹുബലിയാണ് മുത്തപ്പ റായിയെന്നും രാമു സാക്‍ഷ്യപ്പെടുത്തുന്നു.
ഈ സിനിമയുടെ താരനിര്‍ണയം നടന്നുവരികയാണ്. തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. സത്യയേക്കാള്‍ മികച്ച ഒരു അധോലോക സിനിമയാണ് ‘അപ്പാ’യിലൂടെ രാം ഗോപാല്‍ വര്‍മ ലക്‍ഷ്യമിടുന്നത്.
2002ല്‍ അറസ്റ്റിലാകുമ്പോള്‍ മുത്തപ്പ റായിയുടെ പേരില്‍ ബാംഗ്ലൂരില്‍ മാത്രം 20 കേസുകളുണ്ടായിരുന്നു. ബില്‍ഡറായ സുബ്ബരാജു കൊലക്കേസായിരുന്നു അതില്‍ പ്രധാനം.
ബാംഗ്ലൂരില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായാണ് മുത്തപ്പ റായി തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. ബാങ്കില്‍ നിന്നു പിരിച്ചുവിട്ടതിനെ തുടര്‍ന്ന് മുത്തപ്പ റായി ഒരു ഹോട്ടല്‍ ആരംഭിച്ചു. ബാംഗ്ലൂരിലെ അധോലോകനായകനായ എം പി ജയ്‌രാജിനെ ഇല്ലായ്മ ചെയ്യുന്നതില്‍ ഒരു പ്രധാനപങ്കുവഹിച്ചത് മുത്തപ്പ റായ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓയില്‍ കുമാര്‍ അല്ലെങ്കില്‍ ബൂട്ട് ഹൌസ് കുമാര്‍ എന്ന അധോലോകനായകന്‍റെ കൊലക്കേസിലും മുത്തപ്പ റായിക്ക് പങ്കുണ്ടായിരുന്നു.
പിന്നീട് ദുബായിലേക്ക് രക്ഷപ്പെട്ട മുത്തപ്പ റായി അവിടെയിരുന്ന് ബാംഗ്ലൂര്‍ അധോലോകത്തിന്‍റെ റിമോട്ട് കണ്‍ട്രോള്‍ ഭരണം നടത്തി. ബാംഗ്ലൂരിലെ റിയല്‍ എസ്റ്റേറ്റ് രംഗവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ മരുന്നുവ്യാപാരവും ഒരേസമയം മുത്തപ്പ റായിയുടെ നിയന്ത്രണത്തിലായിരുന്നു.
ദുബായിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും മാറിമാറി സഞ്ചരിച്ച് ഇന്ത്യന്‍ മാഫിയയെ നിയന്ത്രിച്ച മുത്തപ്പ റായ് പക്ഷേ പിന്നീട് ദുബായ് പൊലീസിന്‍റെ വലയിലാകുകയായിരുന്നു. ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമാണ് മുത്തപ്പ റായിക്ക് ഉള്ളതെന്ന് പറയപ്പെടുന്നു.