ആടുജീവിതത്തിന് പാക്കപ്പ്, മകൾ അലങ്കൃതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പൃഥ്വിരാജ് നാട്ടിലേക്ക്

ഗേളി ഇമ്മാനുവല്‍| Last Updated: തിങ്കള്‍, 18 മെയ് 2020 (14:39 IST)
ആടുജീവിതം ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജിനെ കാണാനുള്ള മകൾ അലങ്കൃതയുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ജോർദാനിലെ ഷൂട്ടിങ്ങിന് പാക്കപ്പ് പറഞ്ഞ് പൃഥ്വിരാജും സംഘവും വീട്ടിലേക്ക് തിരിച്ചെത്തുകയാണെന്ന സന്തോഷ വാര്‍ത്ത പൃഥ്വിരാജാണ് ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്. ഷൂട്ടിംഗ്
സംഘത്തിൻറെയൊപ്പുളള ഫിഷ് ഐ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചാര്‍ട്ടേഡ് വിമാനത്തിനുള്ള അനുമതി കാത്ത് നില്‍ക്കുകയാണ് സംഘം എന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. 58 അംഗ സംഘമാണ് ജോര്‍ദാന്‍ മരുഭൂമിയില്‍ ഷൂട്ടിങ്ങിനായി എത്തിയത്. കൊറോണ വ്യാപനവും അതിനിടയ്ക്കുള്ള
ഒരുപാട് പ്രതിസന്ധികളും തരണം ചെയ്താണ് ബ്ലെസിയും സംഘവും ഷൂട്ടിംഗ് പൂർത്തീകരിച്ചത്.

എന്നാൽ ഈ തിരിച്ചു വരവ് പൃഥ്വിരാജിൻറെ മകൾ അലങ്കൃതയുടെ കാത്തിരിപ്പിനുള്ള വിരാമം കൂടിയാണ്. 'എന്നും എന്നോട് ചോദിക്കും ലോക്ക് ഡൗൺ തീരാറായോ? ദാദ എപ്പോഴാ വരാ... ഞാനും അല്ലിയും കാത്തിരിക്കുകയാണ് വീണ്ടും ദാദയുമായി ഒത്തുചേരുവാന്‍’ - പൃഥ്വിരാജിനൊപ്പമുള്ള കുടുംബചിത്രം പങ്കുവെച്ചുകൊണ്ട് സുപ്രിയ സോഷ്യൽ മീഡിയയിൽ എഴുതിയ വാക്കുകളാണിത്.

ആടുജീവിതത്തിൽ പൃഥ്വി നജീബായി എത്തുമ്പോള്‍ ഭാര്യ സൈനുവായി അഭിനയിക്കുന്നത് അമലാ പോളാണ്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :