ജോര്‍ജി സാം|
Last Modified വ്യാഴം, 27 ഓഗസ്റ്റ് 2020 (13:40 IST)
പൂര്‍ണമായും എന്‍റര്‍ടെയ്‌നറുകള്‍ ചെയ്യുക എന്നതായിരുന്നു എന്നും സംവിധായകന്‍ പ്രിയദര്‍ശന്‍റെ ലക്‍ഷ്യം. എന്നാല്‍ അതില്‍ നിന്നും മാറി, എക്കാലവും ഓര്‍ത്തിരിക്കാവുന്ന ചില സിനിമകളും പ്രിയന്‍ നല്‍കി. കാഞ്ചീവരം, കാലാപാനി, സില സമയങ്കളില്‍ തുടങ്ങിയ ചിത്രങ്ങള്‍ അത്തരത്തിലുള്ളതാണ്. അവയുടെ ഗണത്തില്‍ ഒടുവിലത്തേതാണ് - മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം !
ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും സാങ്കേതികത്തികവാര്‍ന്ന സിനിമ എന്നാണ് പ്രിയദര്‍ശന്‍ ഈ മോഹന്‍ലാല്‍ ചിത്രത്തെ വിലയിരുത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ചിത്രത്തിന്‍റെ റിലീസ് നീണ്ടുനീണ്ടുപോകുമ്പോള്‍ ഏവരും ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട് - മരക്കാര്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമോ?
ഈ സിനിമ ഒ ടി ടി റിലീസിന് നല്‍കില്ല എന്നുതന്നെയാണ് അതിന് ലഭിക്കുന്ന ഉത്തരം. അതിന് കാരണം, ഇതിന്‍റെ ബജറ്റ് 100 കോടിയാണ് എന്നത് മാത്രമല്ല. തിയേറ്ററുകളില്‍ മാത്രം ആസ്വദിക്കാനാവുന്ന ചലച്ചിത്രാനുഭവമായിരിക്കും മരക്കാര്‍. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍യുദ്ധങ്ങള്‍ ഈ സിനിമയിലുണ്ട്. ബ്രഹ്‌മാണ്ഡ സെറ്റുകളുണ്ട്. മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനമുണ്ട്. ഇതെല്ലാം ചെറിയ സ്ക്രീനിലേക്ക് ചുരുക്കുന്നതില്‍ ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കോ പ്രേക്ഷകര്‍ക്കോ താല്‍പ്പര്യമില്ല.
അതുകൊണ്ടുതന്നെ, എത്രകാലം കാത്തിരിക്കേണ്ടിവന്നാലും മലയാളത്തിന്‍റെ അഭിമാനസിനിമയായ മരക്കാര്‍ വലിയ സ്ക്രീനുകളില്‍ അനുഭവിച്ചറിയാന്‍ തന്നെയാണ് ഓരോ സിനിമാപ്രേമിയും ആഗ്രഹിക്കുന്നത്.