1. വിനോദം
  2. സിനിമ
  3. അണിയറ
  4. Mammootty will be seen as a Chekavar !

മതിലുകള്‍ക്കും വിധേയനും ശേഷം മമ്മൂട്ടി പടപ്പുറപ്പാടിന്!

Mammootty
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിക്കുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ സംവിധായകന്‍ സജീവ് പിള്ളയും നിര്‍മ്മാതാവ് വേണു കുന്നമ്പിള്ളിയും. 
 
തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ അഭിമാനചിത്രങ്ങളായ ബഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്‍റെയും വി എഫ് എക്സ് ചെയ്യുന്നത്. 
 
സജീവ് പിള്ളയുടെ ആദ്യ സംവിധാന സംരംഭമാണ് മാമാങ്കം. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ശിഷ്യനാണ് സജീവ്. വിധേയനും മതിലുകളും പോലെ മാമാങ്കവും മമ്മൂട്ടിയുടെ കരിയറിലെ തിളക്കമാര്‍ന്ന ഏടായിരിക്കും. 12 വര്‍ഷത്തെ ഗവേഷണത്തിനും എഴുത്തിനും ശേഷമാണ് സജീവ് പിള്ള മാമാങ്കത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്തുനടന്ന പോരാട്ടത്തിന്‍റെ വീരകഥയാണ് മാമാങ്കം പറയുന്നത്.
 
മമ്മൂട്ടി ചേകവരായെത്തുന്ന ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന നിരവധി പോരാട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം വാള്‍പ്പയറ്റ് നിറഞ്ഞ ഒരു സിനിമയില്‍ മമ്മൂട്ടി ഇപ്പോഴാണ് ഭാഗമാകുന്നത്. മംഗലാപുരവും കാസര്‍കോടുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. എം ജയചന്ദ്രനാണ് സംഗീതം.
 
ഫെബ്രുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന മാമാങ്കത്തില്‍ മമ്മൂട്ടി മാര്‍ച്ച് ആദ്യം ജോയിന്‍ ചെയ്യും. പല ഷെഡ്യൂളുകളിലായി ചിത്രീകരിക്കുന്ന സിനിമ 2019 റിലീസാണ്.
About Writer
BIJU
അടുത്ത ലേഖനം
പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും; പാര്‍വതി വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതാപ് പോത്തന്‍