കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 12 ജനുവരി 2021 (10:20 IST)
10 മാസത്തെ ഇടവേളക്കുശേഷം തിയേറ്ററുകൾ വീണ്ടും തുറക്കുന്നു. ബുധനാഴ്ച തീയറ്ററുകൾ തുറക്കുമ്പോൾ ആദ്യം റിലീസിനെത്തുന്നത് വിജയ്-വിജയ് സേതുപതി ചിത്രം
മാസ്റ്റർ തന്നെയാണ്. അതിനുശേഷം മലയാള ചിത്രങ്ങളും റിലീസിന് എത്തുന്നുണ്ട്. മുൻഗണന ക്രമത്തിലായിരിക്കും ഓരോ ചിത്രങ്ങളും തിയേറ്ററുകളിലേക്ക് എത്തുന്നത്.
ജയസൂര്യയുടെ 'വെള്ളം' ജനുവരി 22ന് റിലീസ് ചെയ്യും. ലോക്ക് ഡൗണിന് ശേഷം മലയാളത്തിൽ നിന്ന് ആദ്യം തീയറ്റർ റിലീസിനെത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്. രാവിലെ ഒൻപതു മുതൽ രാത്രി 9 വരെ മാത്രമായിരിക്കും ഷോ ഉണ്ടാകുക. സെക്കൻഡ് ഷോ ഉണ്ടാകില്ല. പ്രവേശനം പകുതി സീറ്റുകളിൽ മാത്രമായിരിക്കും.
സിനിമ മേഖല ഉന്നയിച്ച പ്രശ്നങ്ങൾക്ക് സർക്കാരിൻറെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ലഭിച്ചതോടെയാണ് തിയേറ്ററുകൾ തുറക്കാൻ ഇടയായത്. ജനവരി അഞ്ചുമുതൽ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഇളവുകൾ വേണമെന്ന നിലപാടിലായിരുന്നു സിനിമ സംഘടനകൾ. ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗീകരിക്കുകയായിരുന്നു.
മാര്‍ച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി നിശ്ചിത ഫീസില്‍ 50 ശതമാനം ഇളവ്, ലൈസന്‍സ് പുതുക്കേണ്ട കാലാവധിയും മാർച്ച് വരെ നീട്ടി. മോഹൻലാൽ മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമ താരങ്ങളും സർക്കാരിന് അഭിനന്ദനവുമായി എത്തിയിരുന്നു.
അതേസമയം, മാസ്റ്ററിലെ രംഗങ്ങള്‍ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലീക്കായത് കോളിളക്കം സൃഷ്ടിച്ചു. വിജയുടെ ഇന്‍ട്രൊഡക്ഷന്‍ സീനും ക്ലൈമാക്‍സും ഉള്‍പ്പടെയുള്ളവയാണ് നെറ്റില്‍ പ്രചരിച്ചത്. വിതരണക്കാര്‍ക്കായി നടത്തിയ ഒരു ഷോയില്‍ നിന്നാണ് ചിത്രം ലീക്കായതെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം പുറത്തിറക്കാന്‍ കഴിയാതെയിരുന്ന മാസ്റ്റര്‍ ഒടുവില്‍ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ നെറ്റില്‍ പ്രചരിച്ചത് അണിയറപ്രവര്‍ത്തകരെ അസ്വസ്ഥരാക്കി.
ചിത്രം തിയേറ്ററില്‍ തന്നെ കാണണമെന്നും ചിത്രത്തിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുകയോ കാണുകയോ ചെയ്യരുതെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.