‘ഉത്തമവില്ലന്‍’ എന്ന കമല്ഹാസന് ചിത്രം അതിന്റെ ആദ്യലുക്ക് പോസ്റ്റര്‍ മുതല്‍ തന്നെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ആ പോസ്റ്ററിലെ ചിത്രം ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ എറിക് ലാഫോര്ഗിന്റെ ഒരു ചിത്രത്തിന്റെ കോപ്പിയാണെന്നാണ് ആരോപണം ഉയര്‍ന്നത്. രണ്ട് ചിത്രങ്ങളും ചേര്‍ത്തുവച്ച് നോക്കിയാല്‍ സമാനതകള്‍ കാണാവുന്നതുമാണ്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് കമല്ഹാസന് പറയുന്നു.
എറിക് ലാഫോര്ഗിന്റെ ഫോട്ടോയുമായി തന്റെ ചിത്രത്തിന്റെ പോസ്റ്ററിന് ഒരു ബന്ധവുമില്ലെന്നും അതൊരു തെയ്യം ഡാന്‍സറുടെ ലുക്ക് ആണെന്നുമാണ് കമല്‍ വ്യക്തമാക്കുന്നത്. 1000 വര്‍ഷം പഴക്കമുള്ള കലാരൂപമായ തെയ്യത്തിന്റെ മേക്കപ്പ് കമലിന്റെ മുഖത്ത് നല്‍കിയത് ഒരു വലിയ ആര്‍ട്ടിസ്റ്റാണ്.
“തമിഴ്നാടിന്റെ കൂത്തും തെയ്യവും ചേര്‍ത്ത് ഒരു ഫ്യൂഷന്‍ ഡാന്‍സ് ഉത്തമവില്ലനില്‍ ഉണ്ട്. അതിനുവേണ്ടിയാണ് ഈ ലുക്ക്. അതൊരു മാസ്ക് അല്ല. എന്റെ മുഖത്ത് നാലുമണിക്കൂര്‍ സമയമെടുത്ത് നടത്തിയ പെയിന്റിംഗ് ആണ്” - കമല്‍ വ്യക്തമാക്കി.
‘ഉത്തമവില്ലന്‍’ എന്ന് പേരുള്ള ചരിത്ര കോമഡിച്ചിത്രത്തില്‍ അഭിനയിക്കുന്ന ഒരു സൂപ്പര്‍താരമായാണ് കമല്ഹാസന് ഈ സിനിമയില്‍ വേഷമിടുന്നത്. രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയറാമും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.