ഒരു ജയിംസ് ബോണ്ട് സിനിമ സുരേഷ്ഗോപിച്ചിത്രമായ കഥ!

WEBDUNIA|
PRO
2007 ഫെബ്രുവരി 16നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ഡിറ്റക്ടീവ്’ എന്ന സിനിമ റിലീസാകുന്നത്. വലിയ ഹിറ്റൊന്നും ആയില്ലെങ്കിലും ആ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രമാണ്. സുരേഷ്ഗോപിയുടെ വ്യത്യസ്തമായ ഒരു ഇന്‍‌വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരുന്നു ആ സിനിമ. പില്‍ക്കാലത്ത് ദൃശ്യം പോലെ ഒരു വമ്പന്‍ ത്രില്ലര്‍ ഒരുക്കിയ ജീത്തു ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് ഡിറ്റക്ടീവ് പരീക്ഷിച്ചതെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ബോധ്യമാകും.

ഒരു രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയുടെ മരണം അന്വേഷിച്ച് അയാളുടെ അര്‍ദ്ധസഹോദരനായ ഡിറ്റക്ടീവ് രംഗത്തുവരികയും സത്യം കണ്ടെത്തുകയും ചെയ്യുന്നതായിരുന്നു ചിത്രത്തിന്‍റെ കഥാതന്തു. ഇരട്ടവേഷങ്ങളില്‍ സുരേഷ്ഗോപി തിളങ്ങി. കൊലപാതകം നടത്തിയ രീതിയിലെ പ്രത്യേകതയായിരുന്നു ഡിറ്റക്ടീവിന്‍റെ ക്ലൈമാക്സ് പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ പ്രധാന കാരണം. ഡിറ്റക്ടീവ് എന്ന സിനിമയുണ്ടാകാന്‍ തന്നെ കാരണം ആ പ്രത്യേക രംഗമായിരുന്നു. അതെങ്ങനെ എന്നല്ലേ? ആ രംഗം ഒരു ജയിംസ് ബോണ്ട് ചിത്രത്തില്‍ നിന്നാണ് ജീത്തു ജോസഫിന് ലഭിച്ചത്.

“ഡിറ്റക്ടീവ് എന്ന എന്‍റെ ആദ്യ സിനിമ ഉണ്ടാക്കാന്‍ തന്നെ കാരണം ഒരു ജയിംസ് ബോണ്ട് സിനിമയാണ്. ‘യു ഒണ്‍‌ലി ലിവ് ട്വൈസ്’ എന്ന സിനിമയില്‍ വളരെ അപ്രസക്തമായ ഒരു ചെറിയ വിഷ്വല്‍ ഉണ്ട്. ഒരാള്‍ മുകളില്‍ ഇരുന്ന് ഒരു നൂല്‍ ഇടതുകൈയില്‍ പിടിച്ച് വലതുകൈ കൊണ്ട് വിഷം അതിലേക്കൊഴുക്കി കൊലനടത്തുന്ന ഒരു സീനുണ്ട്. അത് മാത്രമേ ഞാന്‍ അതില്‍ നിന്ന് എടുത്തിട്ടുള്ളൂ. അത് വളരെ വ്യത്യസ്തമായ ഒരു കഥയില്‍ ആഡ് ചെയ്ത് ഉണ്ടാക്കിയ സിനിമയാണ് ഡിറ്റക്ടീവ്. ആ സിനിമ അന്ന് ചെറുപ്പക്കാര്‍ ശ്രദ്ധിച്ചു. സോഷ്യല്‍ മീഡിയയൊന്നും അന്നത്ര സജീവമായിരുന്നില്ല. എങ്കിലും പടം നഷ്ടമായിരുന്നില്ല” - മറുനാടന്‍ മലയാളിക്ക് അനുവദിച്ച അഭിമുഖത്തില്‍ ജീത്തു ജോസഫ് വ്യക്തമാക്കുന്നു.

‘യു ഒണ്‍‌ലി ലിവ് ട്വൈസ്’ 1967 ജൂണിലാണ് റിലീസ് ചെയ്തത്. ലൂയിസ് ഗില്‍ബര്‍ട്ട് സംവിധാനം ചെയ്ത ആ ചിത്രത്തില്‍ സീന്‍ കോണറിയാണ് ബോണ്ട് ആയി അഭിനയിച്ചത്. ഈ സിനിമ വമ്പന്‍ ഹിറ്റായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :