‘കര്‍മ്മയോദ്ധാ’ ഇഷ്ടമായില്ലേ? എന്തായാലും കൊണ്ടുപോകുകയാണ് തമിഴിലേക്ക്, അതും വെട്രിമാരന്‍!
WEBDUNIA|
PRO
വെട്രിമാരന്‍ തമിഴിലെ ഒന്നാം നിര സംവിധായകനാണ്. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ ആള്‍. പൊല്ലാതവന്‍, ആടുകളം എന്നീ പ്രശസ്ത സിനിമകളുടെ സംവിധായകന്‍. അദ്ദേഹം തിരക്കഥയെഴുതി നിര്‍മ്മിച്ച ‘ഉദയം എന്‍ എച്ച് 4’ എന്ന സിനിമ തമിഴ്നാട്ടില്‍ ഇപ്പോള്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.
പറഞ്ഞുവന്നത്, സിനിമ സംബന്ധിച്ച കാര്യങ്ങളില്‍ തികഞ്ഞ അവബോധമുള്ള സംവിധായകനാണ് വെട്രിമാരന്‍. ഏതെങ്കിലും ഒരു സിനിമയുടെ ക്വാളിറ്റിയെക്കുറിച്ച്, വിജയസാധ്യതയെക്കുറിച്ച്, പ്രമേയഗുണത്തെക്കുറിച്ച് ഒക്കെ നല്ല ബോധമുള്ളയാള്‍. അദ്ദേഹം ഒരു മലയാള സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ അതില്‍ ഒരു പിശക് പറ്റാനിടയില്ല.
മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘കര്‍മ്മയോദ്ധാ’ വെട്രിമാരന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. സിനിമയുടെ പ്രമേയവും ട്രീറ്റ്മെന്‍റും വളരെ ഇഷ്ടപ്പെട്ട വെട്രിമാരന്‍ സിനിമ കണ്ട ഉടന്‍ തന്നെ ഇത് റീമേക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സെക്സ് റാക്കറ്റിനെതിരെ ശക്തമായി പ്രതികരിക്കുന്ന ‘മാഡ് മാഡി’ എന്ന എന്‍കൌണ്ടര്‍ സ്പെഷ്യലിസ്റ്റായാണ് കര്‍മ്മയോദ്ധായില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. രക്തച്ചൊരിച്ചിലിന്‍റെ രംഗങ്ങള്‍ സമ്പന്നമായതാണ് കര്‍മ്മയോദ്ധായ്ക്ക് മലയാളം ബോക്സോഫീസില്‍ വിനയായത്. കുടുംബപ്രേക്ഷകര്‍ ചിത്രം കാണാന്‍ തിയേറ്ററിലെത്തിയില്ല.
എന്നാല്‍ തമിഴ് പ്രേക്ഷകര്‍ക്ക് ഈ സിനിമ ഇഷ്ടമാകുമെന്ന് വെട്രിമാരന്‍ പ്രതീക്ഷിക്കുന്നു. തമിഴകത്തെ ഒരു സൂപ്പര്‍ സ്റ്റാറിനെ നായകനാക്കിയാണ് വെട്രിമാരന്‍ റീമേക്ക് പ്ലാന്‍ ചെയ്യുന്നത്.