ഡോ.സണ്ണി ജോസഫ് ലോകപ്രശസ്തനായ ഒരു സൈക്യാട്രിസ്റ്റാണ്. അദ്ദേഹം ഏറ്റെടുത്ത കേസുകളിലെല്ലാം വിജയം കണ്ടിട്ടുണ്ട്. അതില്‍ ഏറെ പ്രശസ്തമായത് സുഹൃത്തായ നകുലന്‍റെ ഭാര്യ ഗംഗയുടെ മാനസിക പ്രശ്നമായിരുന്നു. മാടമ്പള്ളി മേടയില്‍ അലഞ്ഞുനടന്ന നാഗവല്ലി എന്ന തമിഴത്തി പ്രേതത്തെ ഗംഗയില്‍ നിന്നും വേര്‍പെടുത്തിയ സണ്ണിയുടെ കഥയായിരുന്നു ‘മണിച്ചിത്രത്താഴ്’ പറഞ്ഞത്.
സണ്ണി ഏറ്റെടുക്കുന്ന അടുത്ത മനഃശാസ്ത്ര പ്രശ്നം സിനിമാരൂപത്തിലെത്തുമ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശനാണ്. ‘മണിച്ചിത്രത്താഴ് 2’ എന്ന് താല്‍ക്കാലികമായി വിളിക്കാവുന്ന ഈ പ്രൊജക്ടിന് ഡെന്നിസ് ജോസഫാണ് തിരക്കഥ രചിക്കുന്നത്. ജൂലൈ രണ്ടിന് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
മണിച്ചിത്രത്താഴ് രചിച്ച മധുമുട്ടം പുതിയ പ്രൊജക്ടിന്‍റെ പരിസരത്തെങ്ങുമില്ല എന്നതാണ് പ്രത്യേകത. മോഹന്‍ലാലിനെക്കൂടാതെ ഇന്നസെന്‍റ്, കെ ബി ഗണേഷ്കുമാര്‍, മധു, സിദ്ദിക്ക് എന്നിവരും ഈ സിനിമയിലുണ്ട്. പുതുമുഖമായിരിക്കും മണിച്ചിത്രത്താഴ് 2ലെ നായിക. ഇന്നസെന്‍റിന്‍റെ ഉണ്ണിത്താന്‍ എന്ന കഥാപാത്രം പുതിയ ചിത്രത്തിലും നര്‍മ്മം വിതറും. അര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ ഇന്നസെന്‍റ് ഈ സിനിമയിലൂടെയായിരിക്കും മടങ്ങിവരവ് ആഘോഷിക്കുക.
പുതിയ ചിത്രത്തില്‍ ‘നാഗവല്ലി’ ഉണ്ടാവില്ല എന്ന് പ്രിയദര്‍ശന്‍ അറിയിച്ചിട്ടുണ്ട്. അപ്പോള്‍ ശോഭനയുടെ ഗസ്റ്റ് അപ്പിയറന്‍സ് കാണിച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കാമെന്ന വിലകുറഞ്ഞ ആശയം ഇല്ലെന്ന് സമാധാനിക്കാം. എന്തായാലും ഡോ.സണ്ണിയുടെ പുതിയ മനഃശാസ്ത്ര പരീക്ഷണങ്ങളിലൂടെ ഒരു മികച്ച സൈക്കോ ത്രില്ലര്‍ മലയാളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.