സാന്താക്ലോസില്‍ മമ്മൂട്ടിയില്ല, പകരം പ്രതാപ് പോത്തന്‍!
WEBDUNIA|
PRO
‘മായാബസാര്‍’ എന്ന മമ്മൂട്ടിച്ചിത്രം പരാജയമായതിന്‍റെ ഏറ്റവും പ്രധാന കാരണം അതിന്‍റെ ദുര്‍ബലമായ തിരക്കഥയായിരുന്നു. ആ സിനിമ തകര്‍ന്നത് മമ്മൂട്ടിക്ക് കാര്യമായ ദോഷം ചെയ്തില്ല. തിരക്കഥാകൃത്തായ ടി എ റസാക്കിന് ആ പരാജയം ക്ഷീണമായി. എന്നാല്‍ ഏറ്റവും തകര്‍ന്നുപോയത് തോമസ് സെബാസ്റ്റിയന്‍ എന്ന നവാഗത സംവിധായകനായിരുന്നു.
ഒരുപാട് പ്രതീക്ഷകളോടെയാണ് തോമസ് മായാബസാര്‍ ഒരുക്കിയത്. വ്യത്യസ്തമായ കഥയും മമ്മൂട്ടി നായകനാണ് എന്നതും ചിത്രത്തെ വിജയമാക്കുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ പ്രേക്ഷകര്‍ നിഷ്കരുണം കൈയൊഴിഞ്ഞപ്പോള്‍ ആ സംവിധായകന്‍ സിനിമയുടെ നിറക്കാഴ്ചകളില്‍ നിന്ന് അകന്നുനില്‍ക്കേണ്ടിവന്നു.
തോമസ് സെബാസ്റ്റിയന്‍ തിരിച്ചുവരുന്നു എന്നതാണ് ആശ്വാസം പകരുന്ന പുതിയ വാര്‍ത്ത. ‘സാന്താക്ലോസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ പ്രൊജക്ടില്‍ മമ്മൂട്ടി നായകനാകുന്നു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു.
എന്നാല്‍ ‘സാന്താക്ലോസില്‍ മമ്മൂട്ടിയില്ല’ എന്ന് സംവിധായകന്‍ അറിയിച്ചു. പ്രതാപ് പോത്തനാണ് ലീഡ് റോളില്‍. “മമ്മുക്ക സാന്താക്ലോസില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത തെറ്റാണ്. ഈ ചിത്രത്തില്‍ ബിജുമേനോനും പ്രതാപ് പോത്തനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുബായിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുന്നത്” - തോമസ് സെബാസ്റ്റിയന്‍ പറയുന്നു.
‘ഓര്‍ഡിനറി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം രചിച്ച നിഷാദ് കോയയാണ് സാന്താക്ലോസിന്‍റെ തിരക്കഥ. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.