സണ്‍ ഓഫ് സര്‍ദാര്‍ ആയി ദിലീപ്, മലയാളം ദബാംഗിലും ജനപ്രിയ നായകന്‍?!

WEBDUNIA|
PRO
1923ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ഔര്‍ ഹോസ്പിറ്റാലിറ്റി’ 85 വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കില്‍ ‘മര്യാദ രാമണ്ണ’ എന്ന പേരില്‍ പുനര്‍ജ്ജനിച്ചു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൌലി ആയിരുന്നു സംവിധാനം. പടം മെഗാഹിറ്റായതോടെ ചിത്രത്തിന് കന്നഡ, ബംഗാളി, ഹിന്ദി റീമേക്കുകള്‍ ഉണ്ടായി.

അജയ് ദേവ്‌ഗണ്‍ നായകനായ ‘സണ്‍ ഓഫ് സര്‍ദാര്‍’ എന്ന ഹിന്ദി റീമേക്ക് പക്ഷേ ഏറെ പ്രതീക്ഷയുണര്‍ത്തിയെങ്കിലും ബോക്സോഫീസില്‍ പരാജയമായി. സണ്‍ ഓഫ് സര്‍ദാറിന്‍റെ മലയാളം റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. ജനപ്രിയനായകന്‍ ദിലീപ് ആണ് അജയ് ദേവ്ഗണ്‍ ചെയ്ത നായകവേഷത്തില്‍ എത്തുന്നത്.

ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥയൊരുക്കുന്ന സിനിമയുടെ സംവിധാനം കോളജ് ഡേയ്സ് എന്ന പരാജയചിത്രം സംവിധാനം ചെയ്ത ജി എന്‍ കൃഷ്ണകുമാറാണ്. വന്‍ ബജറ്റിലാണ് സണ്‍ ഓഫ് സര്‍ദാര്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നത്.

2013 മധ്യത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഉദയനും സിബിയും രചന ആരംഭിച്ചുകഴിഞ്ഞു.

അതേസമയം മറ്റൊരു വാര്‍ത്ത സിനിമാലോകത്ത് വട്ടമിട്ട് പറക്കുന്നുണ്ട്. സല്‍മാന്‍ ഖാന്‍റെ മെഗാഹിറ്റ് ചിത്രം ദബാംഗ് മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമെന്നും ചിത്രത്തില്‍ ദിലീപ് നായകനാകുമെന്നും!. കഴിഞ്ഞ ദിവസം സി സി എല്‍ ഉദ്ഘാടന മത്സരം നടക്കുമ്പോള്‍ സല്‍മാന്‍ ഖാനും ദിലീപും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ദിലീപ് മലയാളത്തിലവതരിപ്പിച്ച ബോഡിഗാര്‍ഡിനെ ഹിന്ദിയില്‍ അനശ്വരമാക്കിയത് സല്‍മാനായിരുന്നു. ആ സ്നേഹം ഇരുവരും പങ്കുവച്ചു. ദബാംഗ് റീമേക്ക് സംബന്ധിച്ച് ഇരുവരും സംസാരിച്ചതായാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഈ വാര്‍ത്ത സത്യമാകട്ടെ എന്ന് ആശംസിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :