Last Modified വെള്ളി, 27 നവംബര്‍ 2015 (14:59 IST)
എ ആര്‍ മുരുഗദോസ് തന്‍റെ അടുത്ത തമിഴ് ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തുപ്പാക്കിയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ ഒരു കഥയാണ് മുരുഗദോസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇളയദളപതി വിജയ്ക്ക് ഉടന്‍ ഡേറ്റില്ലാത്തതിനാല്‍ ഈ കഥ തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ മഹേഷ്ബാബുവിനെ നായകനാക്കി ചെയ്യുകയാണ്. തുപ്പാക്കിക്ക് ക്യാമറ ചലിപ്പിച്ച സന്തോഷ് ശിവനാണ് ഈ പ്രൊജക്ടിന്‍റെയും ഛായാഗ്രാഹകന്‍.
മഹേഷ്ബാബു നായകനാകുന്നതുകൊണ്ടുതന്നെ ഈ സിനിമ തമിഴിനൊപ്പം തെലുങ്ക് പതിപ്പും ചിത്രീകരിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്. സന്തോഷ് ശിവന്‍ ആദ്യമായാണ് ഒരു തെലുങ്ക് സിനിമയ്ക്ക് ക്യാമറ ചെയ്യുന്നത്.
ഹാരിസ് ജയരാജാണ് ഈ സിനിമയ്ക്ക് സംഗീതം നല്‍കുന്നത്. പാട്ടുകളുടെ ജോലി ഹാരിസ് ആരംഭിച്ചുകഴിഞ്ഞു. തെലുങ്കില്‍ മഹേഷ്ബാബുവും തമിഴില്‍ വിജയും അഭിനയിക്കട്ടെ എന്ന രീതിയില്‍ എഴുതിത്തുടങ്ങിയ തിരക്കഥയാണ് ഇത്. വിജയ്ക്ക് സമയമില്ലാത്തതിനാല്‍ രണ്ട് ഭാഷയിലും മഹേഷ്ബാബു നായകനാകുകയാണ്.
100 കോടിയാണ് ഈ പ്രൊജക്ടിന്‍റെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതൊരു യൂണിവേഴ്സല്‍ സബ്ജക്ടാണെന്നും അതുകൊണ്ടുതന്നെ മഹേഷ്ബാബുവിന്‍റെ കരിയറില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹേഷ്ബാബു തന്നെയായിരിക്കും ചിത്രത്തിന്‍റെ ഒരു നിര്‍മ്മാതാവ്. ശ്രുതി ഹാസനോ ദീപിക പദുക്കോണോ ചിത്രത്തില്‍ നായികയാകും.
ഇപ്പോള്‍, ‘അകിര’ എന്ന ഹിന്ദിച്ചിത്രത്തിന്‍റെ തിരക്കിലാണ് മുരുഗദോസ്. സൊനാക്ഷി സിന്‍ഹ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അകിര ‘മൌനഗുരു’ എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ്.
ചിത്രത്തിന് കടപ്പാട് - മുരുഗദോസിന്‍റെ ഫേസ്ബുക്ക് പേജ്