ബോളിവുഡില്‍ കത്തിക്കയറാന്‍ ‘കത്തി’, അക്ഷയ് കുമാര്‍ ഡബിള്‍ റോളില്‍ !

Last Modified വെള്ളി, 20 നവം‌ബര്‍ 2015 (14:11 IST)
തമിഴകത്തുനിന്ന് ഒരു ചിത്രം കൂടി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഇളയദളപതി വിജയ് തകര്‍ത്തഭിനയിച്ച മെഗാഹിറ്റ് സിനിമ ‘കത്തി’യാണ് ഇനി ബോളിവുഡിലേക്ക് പോകുന്നത്. വിജയ് അവതരിപ്പിച്ച ഇരട്ടക്കഥാപാത്രത്തെ അക്ഷയ് കുമാര്‍ അവതരിപ്പിക്കും. എന്നാല്‍ കത്തി സംവിധാനം ചെയ്ത എ ആര്‍ മുരുഗദോസ് അല്ല ഈ സിനിമ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. മുരുഗദോസിന്‍റെ അസോസിയേറ്റായ ജഗന്‍ ആണ് ഈ സിനിമയുടെ സംവിധാനച്ചുമതല.

മുരുഗദോസ് തന്നെ ചിത്രം ഹിന്ദിയില്‍ ഒരുക്കണമെന്നായിരുന്നു അക്ഷയ് കുമാറിന്‍റെ ആഗ്രഹം. എന്നാല്‍ മറ്റ് ഒട്ടേറെ പ്രൊജക്ടുകളുടെ പണിപ്പുരയിലായതിനാലും കത്തി വീണ്ടും ചെയ്യുന്നതില്‍ പ്രത്യേകിച്ച് എക്സൈറ്റുമെന്‍റ് ഒന്നുമില്ലാത്തതുകൊണ്ടും മുരുഗദോസ് പിന്‍‌മാറുകയായിരുന്നു. മുരുഗദോസ് തന്നെയാണ് ജഗന്‍റെ പേര് സംവിധായകനായി നിര്‍ദ്ദേശിച്ചതും.

ലൈക പ്രൊഡക്ഷന്‍സും എ ആര്‍ മുരുഗദോസും ചേര്‍ന്നാണ് കത്തിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മിക്കുന്നത്. തമിഴില്‍ സമാന്ത അവതരിപ്പിച്ച നായികാ കഥാപാത്രത്തിന് ബോളിവുഡിലെ ഒരു പ്രമുഖ നടി ജീവന്‍ നല്‍കും. ചിത്രത്തിന്‍റെ മറ്റ് കാര്യങ്ങള്‍ തീരുമാനിച്ചുവരുന്നു.

മുരുഗദോസ് - വിജയ് ടീമിന്‍റെ തുപ്പാക്കി ഹിന്ദിയില്‍ റീമേക്ക് ചെയ്തപ്പോള്‍ അതിലും അക്ഷയ് കുമാറായിരുന്നു നായകന്‍. ഹോളിഡേ എന്ന ആ സിനിമയും 100 കോടി ക്ലബില്‍ ഇടം‌പിടിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :