രതിനിര്‍വേദം വീണ്ടും വരുന്നു എന്നുകേട്ടപ്പോള്‍ എല്ലാവരുടെയും ആകാംക്ഷ രതിച്ചേച്ചിയെ ആര് അവതരിപ്പിക്കും എന്നതായിരുന്നു. ജയഭാരതി അനശ്വരമാക്കിയ കഥാപാത്രമാണ്. ഒടുവില്‍ ശ്വേതാ മേനോന് നറുക്ക് വീണപ്പോള്‍ പഴയ രതിനിര്‍വേദത്തിന്‍റെ ആരാധകര്‍ക്ക് തൃപ്തിയായി. ശ്വേത കൃത്യമായ തെരഞ്ഞെടുപ്പ് തന്നെ. എന്നാല്‍ ആരായിരിക്കും രതിച്ചേച്ചിയുടെ പപ്പു?
തന്‍റെ പതിനേഴാം വയസില്‍ കൃഷ്ണചന്ദ്രന്‍ ഗംഭീരമായി അവതരിപ്പിച്ച കഥാപാത്രമാണ് പപ്പു. രതിച്ചേച്ചിയെ ഗാഢമായി പ്രണയിക്കുന്ന കഥാപാത്രം. രതിച്ചേച്ചിയോട് കാമം തോന്നുന്ന കഥാപാത്രം. പപ്പുവിനെ അവതരിപ്പിച്ചതോടെ അന്നത്തെ കൌമാരക്കാരുടെ ആവേശമായി കൃഷ്ണചന്ദ്രന്‍ മാറിയിരുന്നു. ഒരു കൌമാരക്കാരന്‍റെ വികാരവിവശതകള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള യുവതാരത്തെയാണ് ആവശ്യം. എന്നാല്‍ നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖവുമായിരിക്കണം.
സംവിധായകന്‍ ടി കെ രാജീവ് കുമാറും നിര്‍മ്മാതാവ് സുരേഷ് കുമാറും ഒടുവില്‍ രതിച്ചേച്ചിയുടെ പപ്പുവിനെ കണ്ടെത്തി. ശ്രീജിത്ത് എന്നാണ് താരത്തിന്‍റെ പേര്. ഫാസില്‍ സംവിധാനം ചെയ്യുന്ന ലിവിംഗ് ടുഗദറിലെ ഉപനായകനാണ്. നായകനെ ലഭിച്ചതോടെ ചിത്രീകരണത്തീയതി നിശ്ചയിച്ചു. ഫെബ്രുവരി 25നാണ് രതിനിര്‍വേദം ഷൂട്ടിംഗ് ആരംഭിക്കുന്നത്.
25 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കും. പത്‌മരാജന്‍റെ തിരക്കഥയില്‍ കാര്യമായ മാറ്റമൊന്നും വരുത്തുന്നില്ല. എന്നാല്‍ പുതിയൊരു പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
കെ പി എ സി ലളിത ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പഴയ രതിനിര്‍വേദത്തില്‍ അഭിനയിച്ച താരങ്ങളില്‍ കെ പി എ സി ലളിത മാത്രമായിരിക്കും പുതിയ സിനിമയിലുണ്ടാവുക. മനോജ് പിള്ളയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സംഗീതം എം ജയചന്ദ്രന്‍.