ഇനിയും പറന്നകലാത്ത ദേശാടനക്കിളി

രവിശങ്കരന്‍

WEBDUNIA|
PRO
20 വര്‍ഷം കഴിഞ്ഞുപോകുന്നു അക്ഷരങ്ങളുടെ ഗന്ധര്‍വ സാന്നിധ്യം നമുക്ക്‌ നഷ്ടപ്പെട്ടിട്ട്‌. 20 വര്‍ഷം കഴിഞ്ഞുപോകുന്നു ചെല്ലപ്പനാശാരിയെപ്പോലെ, സോളമനെപ്പോലെ, ഭാസിയെപ്പോലെ, രതിച്ചേച്ചിയെപ്പോലെ രക്തവും ജീവനും വികാരവിചാരങ്ങളുമുള്ള കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക്‌ നഷ്ടമായിട്ട്‌. പത്മരാജന്‍ ജനുവരിയിലെ ഇരുപത്തിമൂന്നാം ദിവസം രാവിന്റെ ഏതോ യാമത്തില്‍ മലയാളത്തിന്റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച്‌ കടന്നുപോയിട്ട്‌ 20 വര്‍ഷം.

മലയാളികള്‍ ഇന്നും ആഗ്രഹിക്കുന്നത്‌ പത്മരാജന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ്‌. അത്‌ അത്രവലിയ ഒരു നഷ്ടമാണെന്ന് ഇന്നിറങ്ങുന്ന ഓരോ സിനിമകളും നമ്മളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കാലത്ത്‌ ജീവിച്ചിരുന്നവര്‍ മാത്രമല്ല, സാഹിത്യത്തെയും സിനിമയെയും തിരിച്ചറിഞ്ഞുതുടങ്ങുന്ന കൊച്ചുകുട്ടികള്‍ പോലും പത്മരാജനെപ്പറ്റി സംസാരിക്കുന്നു.

സിനിമയെക്കുറിച്ച്‌ വ്യക്തമായ ദിശാബോധവും സങ്കല്‍പ്പവുമുള്ള ചലച്ചിത്രകാരനായിരുന്നു പത്മരാജന്‍. തന്റെ ഓരോ സിനിമയും മുന്‍മാതൃകകള്‍ ആരോപിക്കാന്‍ സാധ്യമാകാത്ത വിധത്തില്‍ വ്യത്യസ്തമാകണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്‌. ആദിമധ്യാന്തമുള്ള കഥകളും മലയാള സിനിമയുടെ പാരമ്പര്യരീതികളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സിനിമ ഒരു ചെറുകഥ പോലെയായിരിക്കണമെന്ന് പത്മരാജന്‍ ആഗ്രഹിച്ചു. ചെറിയ കഥകളുടെ മികച്ച ആഖ്യാനമാണ്‌ നല്ല സിനിമകളെ സൃഷ്ടിക്കുന്നതെന്ന് വിശ്വസിച്ചു. ആ വിശ്വാസത്തില്‍ നിന്നാണ്‌ അരപ്പട്ട കെട്ടിയ ഗ്രമത്തിലും തൂവാനത്തുമ്പികളും കള്ളന്‍ പവിത്രനുമൊക്കെയുണ്ടായത്‌.

"എന്നെ സംബന്ധിച്ചിടത്തോളം ഒരു ആശയത്തിന്റെ സാക്ഷാത്കാരമാണ്‌ സിനിമ. സിനിമയ്ക്ക്‌ വാസ്തവത്തില്‍ വലിയ കഥ ഒരു ഭാരമാണെന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. സിനിമയുടെ മൊത്തത്തിലുള്ള സ്ട്രക്ചറിന്‌ സഹായകമായിത്തീരുന്നത്‌ എപ്പോഴും ചെറിയ പ്രമേയങ്ങളാണ്‌. അത്‌ പക്ഷേ, വ്യാവസായികമായി എത്രമാത്രം ഫലപ്രദമാകുമെന്ന് സിനിമ പുറത്തുവന്ന ശേഷമേ പറയാന്‍ പറ്റൂ. ഞാന്‍ എഴുതിയ കഥയിലായാലും മറ്റൊരാളുടെ കഥയിലായാലും അതില്‍ എന്നെ ആകര്‍ഷിക്കുന്ന ബീജം മാത്രം സ്വീകരിച്ചുകൊണ്ട്‌, പിന്നെ എന്റെ സങ്കല്‍പ്പങ്ങള്‍ക്കൊത്ത്‌ വികസിപ്പിക്കുകയാണ്‌ ഞാന്‍ ചെയ്യാറുള്ളത്‌. അല്ലാതെ കഥ അതേപടി പകര്‍ത്താറില്ല. പുതിയ ആശയങ്ങളുമായി പുതിയ ആള്‍ക്കാര്‍ ഈ രംഗത്തേക്ക്‌ കടന്നുവരുമെന്നാണ്‌ എന്റെ വിശ്വാസം. അല്ലാതെ ആശയ ദാരിദ്ര്യം മൂലം സിനിമയ്ക്ക്‌ ഒരു അന്ത്യമുണ്ടാകുമെന്ന് തോന്നുന്നില്ല" - ഒരു അഭിമുഖത്തില്‍ പത്മരാജന്‍ പറഞ്ഞ വാക്കുകളാണ്‌ ഇവ.

ഗന്ധര്‍വന്‍ ഇല്ലാതായി 20 വര്‍ഷം പിന്നിടുമ്പോള്‍ ആശയദാരിദ്ര്യത്തിന്റെ കാര്യത്തില്‍ മലയാള സിനിമ സമ്പന്നമാണ്‌. തറയില്‍ ചവിട്ടിനില്‍ക്കുന്ന കഥാപത്രങ്ങള്‍ ഏതാണ്ട്‌ അന്യമായികഴിഞ്ഞു. സൂപ്പര്‍താരങ്ങളെ പല കുപ്പായങ്ങളിടുവിച്ച്‌ വിറ്റ്‌ കാശാക്കാന്‍ എഴുത്തുകാരും സംവിധായകരും മത്സരിക്കുന്നു. എന്നാല്‍ അതിനിടയില്‍ ചില പൊട്ടും പൊടിയും വേറിട്ടു നില്‍ക്കുന്നത്‌ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവും നമുക്ക്‌ മോഹം നല്‍കുന്നു. ടി ഡി ദാസന്‍ നമ്മളെ ആനന്ദിപ്പിക്കുന്നു. അതുപോലെ, തന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്ന പ്രേംപ്രകാശിന്റെ കുട്ടികള്‍ 'ട്രാഫിക്‌' എന്ന ചിത്രത്തിലൂടെ തിരക്കഥയെഴുത്തില്‍ തന്റെ പാത പിന്തുടരുന്നത്‌ കണ്ട്‌ പത്മരാജന്‍ അകലെയെവിടെയോ സന്തോഷിക്കുന്നുണ്ടാവണം. മലയാള സിനിമയും സാഹിത്യലോകവും പത്മരാജന്റെ പുനര്‍ജന്‍മത്തിനായി കാത്തിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :