ആദാമിന്‍റെ മകന്‍ അബു, പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയിന്‍റ് എന്നീ സിനിമകളില്‍ കൂടുതല്‍ മികച്ചത് ഏതു ചിത്രമാണ്? ഒരു വോട്ടെടുപ്പ് നടന്നാല്‍ ഏത് ജയിക്കുമെന്ന് പ്രവചിക്കുക പ്രയാസം. രഞ്ജിത്തിന്‍റെ അഭിപ്രായം കണക്കിലെടുത്താല്‍ പ്രാഞ്ചിയേട്ടനോളം വളര്‍ച്ച ആദാമിന്‍റെ മകനില്ല.
പ്രാഞ്ചിയേട്ടനായി തകര്‍ത്തഭിനയിച്ച മമ്മൂട്ടിയാണ് തന്‍റെ കാഴ്ചപ്പാടില്‍ മികച്ച നടനെന്ന് തുറന്നടിച്ചാണ് ഇത്തവണത്തെ ദേശീയ - സംസ്ഥാന അവാര്‍ഡുകളെ വിവാദത്തിലേക്ക് രഞ്ജിത് വലിച്ചിട്ടത്. ചുട്ട മറുപടി നടന്‍ സലിം കുമാര്‍ നല്‍കുകയും ചെയ്തു. ‘ദേശീയ അവാര്‍ഡ് ജൂറി അധ്യക്ഷനായ ജെ പി ദത്ത എടുക്കുന്ന ഒരു ഷോട്ട് രഞ്ജിത്തിന് എടുക്കാനാകുമോ?’ എന്ന വെല്ലുവിളിയാണ് സലിം ഉയര്‍ത്തിയത്.
എന്തായാലും ആദാമിന്‍റെ മകന്‍ അബുവിനെ താഴ്ത്തിക്കെട്ടിയ രഞ്ജിത്തിന് ഉറ്റ സുഹൃത്തായ മമ്മൂട്ടി തന്നെ മറുപടി നല്‍കുകയാണ്. ആദാമിന്‍റെ മകനെ മമ്മൂട്ടിയുടെ പ്ലേ ഹൌസ് പ്രദര്‍ശനശാലകളിലെത്തിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. ‘ആദാമിന്‍റെ മകന്‍ അബു’ ജൂണ്‍ 25ന് റിലീസ് ചെയ്യാനാണ് തീരുമാനം.
ആദാമിന്‍റെ മകന്‍ എന്ന നല്ല ചിത്രത്തെയും സലിം കുമാര്‍ എന്ന അഭിനയ പ്രതിഭയെയും മമ്മൂട്ടി മനസുകൊണ്ട് അംഗീകരിച്ചതിന്‍റെ തെളിവായാണ് ചലച്ചിത്രലോകം ഈ തീരുമാനത്തെ കാണുന്നത്. രഞ്ജിത് ഇനി എന്തുപറയുമെന്ന് കാത്തിരുന്നു കാണാം.