സംവിധാനം രഞ്ജിത്, സംഗീതം ശ്യാമപ്രസാദ്!

WEBDUNIA|
PRO
‘ലീല’ എന്തുകൊണ്ടും പ്രത്യേകതയുള്ള ഒരു സിനിമയായിരിക്കും. ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’യ്ക്കു ശേഷം സാഹിത്യത്തില്‍ നിന്ന് ഒരു സിനിമയുണ്ടാക്കുകയാണ് രഞ്ജിത്. ആര്‍ ഉണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘ലീല’ എന്ന കഥയാണ് സിനിമയ്ക്കാധാരം. ഉറുമിയുടെ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ നായകനാകുന്ന ചിത്രത്തില്‍ നായിക മം‌മ്‌തയാണ്. പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നു. നെടുമുടി വേണുവും നാടക കലാകാരന്‍‌മാരും സിനിമയില്‍ അണിനിരക്കും.

ഏറ്റവും വലിയ പ്രത്യേകത, സംവിധായകന്‍ ശ്യാമപ്രസാദാണ് ‘ലീല’യ്ക്ക് സംഗീതം നല്‍കുന്നത് എന്നതാണ്. അഗ്നിസാക്ഷി, അകലെ, ഋതു, ഇലക്ട്ര, ഒരേ കടല്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ശ്യാമപ്രസാദ് സംഗീത സംവിധാനത്തിലൂടെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്.

ഒരു മ്യൂസിക്കല്‍ ഫിലിമല്ല. എങ്കിലും സംഗീതത്തിന് പ്രാധാന്യമുണ്ട്. ശ്യാമപ്രസാദാണ് സിനിമയുടെ മ്യൂസിക് ഡിസൈനര്‍. ശ്യാമിന്‍റെ വ്യത്യസ്തമായ സംഗീതാഭിരുചി സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലം മുതല്‍ ഞാന്‍ തിരിച്ചറിഞ്ഞതാണ്” - രഞ്ജിത് പറയുന്നു.

“മലയാളി പെണ്‍കുട്ടികളുടെ ജീവിതം ഓരോ ദിവസം കഴിയുന്തോറും ഭയാനകമായി മാറിവരികയാണ്. പ്രണയവും പ്രണയമെന്ന വാക്കുപോലും മറഞ്ഞുപോകുന്നു. സ്ത്രീ - പുരുഷ ബന്ധങ്ങള്‍ ശരീരത്തെ കാമിക്കുന്നത് മാത്രമായി മാറുന്നു. മകളെ വില്‍പ്പനച്ചരക്കാക്കുന്ന അച്ഛന്‍, മകളെ പീഡിപ്പിക്കുന്ന അച്ഛന്‍. ഭീകരമായ ഒരു യാഥാര്‍ത്ഥ്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആര്‍ ഉണ്ണിയുടെ കഥയും കഥയ്ക്ക് പുറത്തുള്ള വിചാരവുമാണ് ലീല എന്ന സിനിമ” - ഒരു സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് വ്യക്തമാക്കുന്നു.

തിരുവനന്തപുരം, കോട്ടയം, വയനാട് ഇവയാണ് പ്രധാന ലൊക്കേഷനുകള്‍. വേണുവാണ് ഛായാഗ്രഹണം. നിര്‍മ്മാണം കാപിറ്റോള്‍ തിയേറ്റര്‍.

ചിത്രത്തിന് കടപ്പാട്: കേരളാകഫെ വെബ്സൈറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :