രജനിയുടെയും കമലിന്‍റെയും മക്കള്‍ ഒന്നിക്കുന്നു!

WEBDUNIA|
PRO
രജനീകാന്തും കമലാഹാസനും അടുത്ത സുഹൃത്തുക്കളാണ്. കമല്‍ നായകനായ ‘അപൂര്‍വ രാഗങ്ങള്‍’ എന്ന സിനിമയില്‍ ചെറിയൊരു റോള്‍ ചെയ്തുകൊണ്ടാണ് രജനീകാന്ത് സിനിമയിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. തുടര്‍ന്ന് വേര്‍പിരിഞ്ഞുവെങ്കിലും അഭിനയ ലോകത്ത് സ്വന്തം താര സിംഹാസനങ്ങള്‍ ഇരുവരും നേടിയെടുത്തത് ചരിത്രം. രജനിയും കമലും ഒരുമിച്ച് വീണ്ടുമൊരു സിനിമയില്‍ അഭിനയിക്കുമെന്ന് ഏറെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാം നടക്കാതെ പോയ പ്രൊജക്‌ടുകളായി. ഇപ്പോഴിതാ, ഇരുവരുടെയും മക്കള്‍ ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു.

രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും കമലിന്റെ മകള്‍ ശ്രുതിയുമാണ് ഒരു തമിഴ് സിനിമയ്ക്കായി ഒന്നിക്കുന്നത്. സിനിമയ്ക്ക് തിരക്കഥ രചിക്കുന്നതും സിനിമ സം‌വിധാനം ചെയ്യുന്നതും ഐശ്വര്യയാണ്. നായികയാകട്ടെ ശ്രുതിയും. ഐശ്വര്യയുടെ ഭര്‍ത്താവും മികച്ച നടനുള്ള ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ നടനുമായ ധനുഷാണ് സിനിമയിലെ നായകന്‍. സിനിമ നിര്‍മ്മിക്കുന്നതും ധനുഷ് തന്നെ.

സം‌വിധാനത്തില്‍ താല്‍‌പര്യമുള്ള ഈയടുത്ത കാലത്ത് സെല്‍‌വരാഘവന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. സുല്‍‌ത്താന്‍ ദ വാരിയര്‍ എന്ന പേരില്‍ രജനീകാന്തിനെ നായകനാക്കി ഒരു ആനിമേഷന്‍ ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഐശ്വര്യ. ഈ സിനിമ പിന്നീട് റാണ എന്ന പേരില്‍ മുഴുനീള ചിത്രമായി എടുക്കാന്‍ രജനീകാന്ത് തീരുമാനിച്ചതോടെ ആ പ്രൊജക്‌ട് ഉപേക്ഷിക്കപ്പെട്ടു. തുടര്‍ന്നാണ് പുതിയൊരു സം‌രംഭത്തിലേക്ക് ഐശ്വര്യ ഇറങ്ങിയത്. ആറോളം സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ശ്രുതിയിപ്പോള്‍ ‘ഗജിനി’ ഫെയിം മുരുഗദോസ് സം‌വിധാനം ചെയ്യുന്ന ‘ഏഴാം അറിവ്’ എന്ന ചിത്രത്തില്‍ സൂര്യയുടെ നായികയായി അഭിനയിച്ച് വരികയാണ്.

ഏറെ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള രജനിയും കമലും മക്കള്‍ ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത് ഏറെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്. സിം‌ഗപ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന രജനീകാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അറിയുന്നു. മക്കളുടെ സിനിമയില്‍ ചിലപ്പോള്‍ രജനിയും കമലും ചെറിയ അതിഥി വേഷങ്ങള്‍ ചെയ്യാനും തയ്യാറായേക്കും. അങ്ങിനെയെങ്കില്‍, ആരാധകര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം രജനിയെയും കമലിനെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :