രജനീകാന്ത് സിംഗപ്പൂരിലും ഐസിയുവില്‍

സിംഗപ്പൂര്‍ സിറ്റി| WEBDUNIA|
PRO
തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ മരുമകനും സിനിമാതാരവുമായ ധനുഷിനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം രാത്രി ന്യൂസ് ഏഷ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ നിന്ന് രജനിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയത്.

വിശ്രമം ആവശ്യമായതിനായാലാണ് സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ശ്വാസകോശ അണുബാധ പൂര്‍ണമായും ഭേദമായിട്ടില്ല എന്നും അദ്ദേഹത്തിന്റെ വൃക്കകള്‍ക്ക് തകരാറുണ്ട് എന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

പുതിയ ചിത്രമായ “റാണ”യുടെ ഷൂട്ടിംഗിന്റെ ആദ്യ ദിവസമായ ഏപ്രില്‍ 29 ന് ആണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെന്റ് ഇസബെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ അന്നു തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു എങ്കിലും മെയ് നാലിന് വീണ്ടും അഡ്മിറ്റ് ചെയ്തിരുന്നു. പിന്നീട് ആശുപത്രിവിട്ട രജനിയെ മെയ് 13 ന് വീണ്ടും ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :