മണിരത്നം ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പറഞ്ഞു; ജയറാമിന് സമയമില്ലായിരുന്നു!

ദളപതിയില്‍ ജയറാമില്ലാത്തത് എന്തുകൊണ്ട്?

Maniratnam, Mammootty, Jayaram, Rajanikanth, Laljose, മണിരത്നം, ജയറാം, മമ്മൂട്ടി, രജനികാന്ത്, ലാല്‍ ജോസ്
Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (15:26 IST)
‘ദളപതി’ എന്ന മണിരത്നം ചിത്രത്തില്‍ അരവിന്ദ് സ്വാമി അവതരിപ്പിച്ച കളക്‍ടര്‍ കഥാപാത്രമായി ആദ്യം ഓഫര്‍ ലഭിച്ചത് ജയറാമിനായിരുന്നു. രജനികാന്തിന്‍റെ ഇളയസഹോദരനും എന്നാല്‍ ഒരര്‍ത്ഥത്തില്‍ പ്രതിയോഗിയുമായ ആ കഥാപാത്രത്തിനായി ജയറാമിന്‍റെ പേര് നിര്‍ദ്ദേശിച്ചത് മമ്മൂട്ടിയായിരുന്നു.

മണിരത്നം ജയറാമിനെ ബന്ധപ്പെട്ട് തനിക്ക് മൂന്നുമാസത്തെ ഡേറ്റ് നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്ത് മലയാളത്തില്‍ തിരക്കേറിയ താരമായിരുന്നു ജയറാം. ഒട്ടേറെ സിനിമകള്‍ക്കായി കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഒരു വിധത്തിലും മൂന്നുമാസം ‘ദളപതി’ക്കായി നല്‍കാന്‍ ജയറാമിന് കഴിയുമായിരുന്നില്ല.

ആ സാഹചര്യം മണിരത്നത്തെയും മമ്മൂട്ടിയെയുമെല്ലാം ബോധ്യപ്പെടുത്തി ജയറാം ആ‍ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറി. പിന്നീട് അരവിന്ദ് സ്വാമി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അരവിന്ദ് സ്വാമിക്ക് അത് വലിയ ബ്രേക്കാവുകയും ചെയ്തു. ദളപതിയിലെ പ്രകടനം ഇഷ്ടപ്പെട്ടതോടെയാണ് മണിരത്നം അരവിന്ദ് സ്വാമിയെ റോജയിലേക്ക് തിരഞ്ഞെടുത്തത്.

ജയറാം ദളപതിയില്‍ അഭിനയിക്കണം എന്നത് മമ്മൂട്ടിയുടെ ആഗ്രഹമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് ജയറാമിന് അത് കഴിഞ്ഞില്ല. അതില്‍ ഇപ്പോഴും ജയറാമിന് ദുഃഖമുണ്ട്.

മണിരത്നത്തിന്‍റെ പിന്നീടുള്ള ഒരു ചിത്രത്തിലും ജയറാം അഭിനയിച്ചിട്ടില്ല. മണിരത്നം ചിത്രങ്ങളില്‍ മാത്രമല്ല, ഫാസില്‍, ലാല്‍ ജോസ് തുടങ്ങിയ പ്രമുഖരുടെ സിനിമകളിലും ജയറാം അഭിനയിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :