ബണ്ടി ചോര്‍ മലയാളത്തില്‍, നായകന്‍ ‘ഡ്രാക്കുള’!

WEBDUNIA|
PRO
തന്നെ ഡ്രാക്കുളയായി വിനയന്‍ എങ്ങനെ തെരഞ്ഞെടുത്തു എന്ന എന്ന കാര്യത്തില്‍ നടന്‍ സുധീര്‍ നായര്‍ക്ക് ഇപ്പോഴും അത്ഭുതം അടങ്ങുന്നില്ല. സുധീറിന്‍റെ ചില മാനറിസങ്ങള്‍ കണ്ടപ്പോള്‍ തന്‍റെ അടുത്ത പ്രൊജക്ടിലേക്ക് ഈ നടന്‍ മതി എന്ന് വിനയന്‍ തീരുമാനിക്കുകയായിരുന്നു. എന്തായാലും ഡ്രാക്കുള എല്ലാ ഭാഷകളിലും ഹിറ്റായി. മലയാളത്തില്‍ അമ്പതാം ദിവസം ആഘോഷവും കഴിഞ്ഞു.

എന്തായാലും ഡ്രാക്കുള വേഷം സുധീറിന് ഭാഗ്യം കൊണ്ടുവരികയാണ്. കൂടുതല്‍ വലിയ പ്രൊജക്ടുകളിലേക്ക് ക്ഷണം ലഭിക്കുന്നു. അടുത്തകാലത്ത് കേരളത്തിലും ഇന്ത്യയൊന്നാകെയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ബണ്ടി ചോറിനെപ്പറ്റി സംവിധായകന്‍ മനോജ് റാം സിനിമയെടുക്കാന്‍ ആലോചിക്കുകയാണ്. ബണ്ടി ചോറുമായി രൂപ സാദൃശ്യമുള്ള നടന്‍‌മാരുടെ തെരഞ്ഞെടുപ്പില്‍ ഒടുവില്‍ നറുക്ക് വീണിരിക്കുന്നത് സുധീറിന്!

‘ബണ്ടി - സ്റ്റോറി ഓഫ് എ തീഫ്’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ബണ്ടി ചോറിന്‍റെ മോഷണ പരമ്പരകളും വ്യക്തിജീവിതവുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ബണ്ടിയുടെ തിരുവനന്തപുരത്തെ മോഷണം വരെ ഈ സിനിമയില്‍ ഉള്‍പ്പെടുത്തും.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. നാനാ പടേക്കറും നാസറും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് പവിത്രമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘ബണ്ടി - സ്റ്റോറി ഓഫ് എ തീഫ്’ ചിത്രീകരണം മേയ് ആദ്യവാരം ആരംഭിക്കും. മുംബൈ, ഗോവ, കേരളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും.

വാല്‍ക്കഷണം: “ഓയേ ലക്കി! ലക്കി ഓയേ!” എന്ന ഹിന്ദി ചിത്രം ബണ്ടി ചോറിന്‍റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്. ആ സിനിമയ്ക്ക് ദേശീയ പുരസ്കാരം വരെ ലഭിച്ചു. എന്നാല്‍ അതില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് മനോജ് റാം ഈ സിനിമയൊരുക്കുന്നത്. മനോജ് റാം നവാഗതനാണെങ്കിലും രാം ഗോപാല്‍ വര്‍മയുടെ ശിഷ്യനാണ്. രംഗീല, സത്യ തുടങ്ങിയ സിനിമകളില്‍ രാമുവിന്‍റെ പ്രധാന സംവിധാന സഹായി മനോജായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :