Last Updated:
വെള്ളി, 6 ഫെബ്രുവരി 2015 (15:44 IST)
ദൃശ്യം എന്ന മെഗാഹിറ്റ് സിനിമ കണ്ടിട്ടുള്ളവര്‍ ജോര്‍ജ്ജുകുട്ടിയെ ഒരിക്കലും മറക്കില്ല. ഒപ്പം ഐ ജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രത്തെയും. ജോര്‍ജ്ജുകുട്ടിയെ ചിത്രത്തിന്‍റെ രണ്ടാം പകുതിയുടെ ഓരോ മിനിറ്റിലും വട്ടം കറക്കിയ പൊലീസ് ഉദ്യോഗസ്ഥയാണ് ഗീതാ പ്രഭാകര്‍. ആശാ ശരത് അവതരിപ്പിച്ച ആ കഥാപാത്രം പ്രേക്ഷകരുടെ പ്രശംസ ആവോളം നേടുകയും ചെയ്തു.
ദൃശ്യം കന്നഡയിലും തെലുങ്കിലും തമിഴിലും റീമേക്ക് ചെയ്തു. ഇതില്‍ ചില ഭാഷകളില്‍ ആശാ ശരത് തന്നെയായിരുന്നു ഗീതാ പ്രഭാകറെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ആശാ ശരത് ഉജ്ജ്വലമാക്കിയ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സാക്ഷാല്‍ തബു!
നിഷികാന്ത് കാമത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് നായകന്‍. ഫെബ്രുവരി അവസാനം ചിത്രീകരണം ആരംഭിക്കും. വയാകോം18 മോഷന്‍ പിക്ചേഴ്സ്, പനോരമ സ്റ്റുഡിയോസ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തബു ഇതാദ്യമായല്ല പൊലീസ് ഉദ്യോഗസ്ഥയെ അവതരിപ്പിക്കുന്നത്. രാക്കിളിപ്പാട്ട് (തമിഴില്‍ 'സ്നേഹിതിയേ'), ഖുദാ കസം(ഹിന്ദി) എന്നീ സിനിമകളില്‍ പൊലീസ് വേഷത്തില്‍ തബു എത്തിയിരുന്നു.