Last Updated:
വ്യാഴം, 18 ഡിസംബര്‍ 2014 (20:46 IST)
പല ത്രില്ലര്‍ സിനിമകളും ചെറിയ ചെറിയ തെറ്റുകളുടെയും ഗുരുതരമായ മിസ്റ്റേക്കുകളുടെയുമൊക്കെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്നത് സാധാരണയാണ്. ത്രില്ലര്‍ സിനിമകളുടെ ഒരു ദോഷം തന്നെയാണത്. എത്ര കൃത്യതയോടെ ചെയ്താലും ചെറിയ പാളിച്ചകള്‍ ആരുമറിയാതെ സംഭവിക്കും. മിസ്റ്റേക്കുകള്‍ പരമാവധി ഒഴിവാക്കാന്‍ ആവുന്നത്രയും ശ്രമിക്കുക എന്നതുമാത്രമേ വഴിയുള്ളൂ.
മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളുടെ ഗണത്തില്‍ മുന്‍നിരയിലാണ് ദൃശ്യത്തിന്‍റെ സ്ഥാനം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ സിനിമ പ്രകീര്‍ത്തിക്കപ്പെട്ടത് പിഴവുകളില്ലാത്ത തിരക്കഥയുടെയും കൃത്യതയാര്‍ന്ന സംവിധാനത്തിന്‍റെയും പേരിലാണ്. പടം വമ്പന്‍ ഹിറ്റായ ശേഷം ഒരു പ്രേക്ഷകന്‍ ഒരു ചെറിയ മിസ്റ്റേക്ക് കണ്ടെത്തുകയും ജീത്തു ജോസഫ് പരസ്യമായി തന്നെ അത് അംഗീകരിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ജീത്തു തന്നെ പറയുന്നു - ദൃശ്യത്തില്‍ അതീവ ഗുരുതരമായ ഒരു തെറ്റുണ്ട്. ഒരു വലിയ പാളിച്ച. അത് ജീത്തുവല്ലാതെ മറ്റാരും ഇതുവരെ കണ്ടെത്തിയിട്ടുമില്ല!
എന്തായിരിക്കും അത്? ജീത്തുവിനോട് ചോദിച്ചാല്‍ ഒരു മറുപടിയേയുള്ളൂ - അത് അങ്ങനെ തന്നെ നില്‍ക്കട്ടെ! തല്‍ക്കാലം ആരും അറിയേണ്ടതില്ല എന്ന്.
പ്രേക്ഷകര്‍ക്കിടയിലെ വിരുതന്‍മാര്‍ വരും ദിവസങ്ങളില്‍ ആ 'ബിഗ് മിസ്റ്റേക്ക്' കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ഒരുകാര്യത്തില്‍ ജീത്തു ജോസഫ് ഉറപ്പുനല്‍കുന്നുണ്ട്. തമിഴ് റീമേക്കായ 'പാപനാശ'ത്തില്‍, ദൃശ്യത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞ അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ല!