ദൃശ്യം മാത്രമല്ല, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ കമല്‍ഹാസന്‍!

Last Modified ചൊവ്വ, 20 മെയ് 2014 (14:41 IST)
മോഹന്‍ലാലിനെ കമല്‍ഹാസന്‍ വിടുന്നില്ല. ‘ദൃശ്യം’ തമിഴ് റീമേക്ക് അണിയറയില്‍ ഒരുങ്ങുമ്പോള്‍ തന്നെ മറ്റൊരു മോഹന്‍ലാല്‍ ചിത്രവും റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കമല്‍ഹാസന്‍. ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ‘പെരുച്ചാഴി’ എന്ന ചിത്രമാണ് കമല്‍ഹാസന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജഗന്നാഥന്‍ എന്ന കഥാപാത്രമായി ഹിന്ദി റീമേക്കില്‍ കമല്‍ അഭിനയിക്കും.

മലയാളത്തില്‍ മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ സഞ്ജയ് ദത്താണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്നറായാണ് ഈ സിനിമയും ഒരുക്കുന്നത്.

ഹിന്ദി റീമേക്ക് ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മലയാളം ചെയ്യുന്ന അരുണ്‍ വൈദ്യനാഥന്‍ തന്നെ ഹിന്ദിച്ചിത്രവും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കമല്‍ഹാസന്‍ ഇപ്പോള്‍ ഉത്തമപുത്രന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ്. ജൂണ്‍ ആദ്യം ‘ദൃശ്യം’ തമിഴ് റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവ് തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :